ന്യൂഡല്‍ഹി: ബോളിവുഡ് ഗായകനും നടനുമായ ഹണി സിങ്ങ് വീട്ടില്‍ പ്രവേശിക്കുന്നത് കോടതി വിലക്കി. ഭാര്യ ശാലിനി തല്‍വാര്‍ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് തീസ് ഹസാരി കോടതിയുടെ നടപടി. ഗാര്‍ഹിക പീഡനം, ലൈംഗിക പീഡനം, മാനസിക പീഡനം എന്നീ പരാതികള്‍ ഉന്നയിച്ചാണ് ഭാര്യ ശാലിനി തല്‍വാര്‍ ഹര്‍ജി നല്‍കിയത്.
ഇരുവരുടെയും സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്ത് ഉപയോഗിക്കുന്നതില്‍ നിന്നും വീട്ടിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നുമാണ് ഹണി സിങ്ങിനെ കോടതി വിലക്കിയത്. ഹണി സിങ്ങിന് നോട്ടീസ് അയച്ച കോടതി ഓഗസ്റ്റ് 28നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടു.
പിഡബ്ല്യുഡിവി ആക്ട് 2005ലെ സെക്ഷന്‍ 18 പ്രകാരം സംരക്ഷണ ഉത്തരവ് പാസാക്കാനും 2005 ലെ പിഡബ്ല്യുഡിവി ആക്ട് പ്രകാരം നഷ്ടപരിഹാരം നല്‍കാനും സ്ത്രീധനവും മറ്റ് വസ്തുക്കളും തിരികെ നല്‍കാനും ശാലിനി കോടതിയില്‍ ആവശ്യപ്പെട്ടു. 2014ലാണ് ഹണി സിങ്ങും ശാലിനിയും വിവാഹിതരായത്.