വനിതാകമ്മീഷന്‍ അദാലത്തില്‍ എത്തുന്ന പരാതികളില്‍ ഏറെയും ഗാര്‍ഹികപീഡനങ്ങളും സ്വത്ത് തര്‍ക്കവുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ
പത്തനംതിട്ട; അദാലത്തുകളില്‍ വരുന്ന പരാതികളില്‍ കൂടുതലും ഗാര്‍ഹികപീഡനങ്ങള്‍, സ്വത്ത് തര്‍ക്കം എന്നിവയുമായി ബന്ധപ്പെട്ടതാണെന്നും അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച പരാതികളും എത്തുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി. പത്തനംതിട്ട പറക്കോട് ബ്ലോക്കില്‍ നടന്ന അദാലത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഓരോ ജില്ലയിലെയും ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കണമെന്നും അവര്‍ പറഞ്ഞു. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണം. ഇന്നത്തെ സാഹചര്യത്തില്‍ വിവാഹപൂര്‍വ, വിവാഹേതര കൗണ്‍സിലിംഗ് വളരെ അനിവാര്യമാണെന്നും പി. സതീദേവി പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന പത്തനംതിട്ട ജില്ലാ തല സിറ്റിങ്ങില്‍ ആകെ ലഭിച്ച 99 പരാതികളില്‍ 23 പരാതികള്‍ തീര്‍പ്പായി. നാല് പരാതികള്‍ പൊലിസ് റിപോര്‍ട്ടിനായി അയച്ചു. കക്ഷികള്‍ ഹാജരാകാത്തത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ 72 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, അംഗം ഷാഹിദാ കമാല്‍ എന്നിവര്‍ പങ്കെടുത്തു.