ലോക്ക് ഡൗണ്‍: ട്രയിനും വിമാനവും മെയ് 31 വരെ സര്‍വീസ് നടത്തേണ്ടെന്ന ആവശ്യവുമായി തമിഴ്‌നാട്

Update: 2020-05-11 13:47 GMT

ചെന്നൈ: വരുന്ന മെയ് 31 വരെ തമിഴ്‌നാട്ടിലേക്ക് തീവണ്ടികളും വിമാനങ്ങളും കടത്തിവിടരുതെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. സംസ്ഥാനത്ത് കൊവിഡ് ബാധ വ്യാപിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ക്കിടയിലാണ് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി ഇത്തരമൊരു അപേക്ഷ പ്രധാനമന്ത്രിക്കു മുന്നില്‍ വച്ചത്.

''ചെന്നൈയിലെ കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മെയ് 31 വരെ സംസ്ഥാനത്തേക്ക് ട്രയിന്‍ സര്‍വീസുകള്‍ അനുവദിക്കരുതെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് അപേക്ഷിച്ചു''-മുഖ്യമന്ത്രിമാരുടെ വീഡിയോ കോണ്‍ഫ്രന്‍സിലാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി പ്രധാനമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.

മാര്‍ച്ച് അവസാന വാരം ആരംഭിച്ച ലോക്ക് ഡൗണ്‍ ഘട്ടങ്ങളായി നീട്ടിയതിനു ശേഷം ഈ വരുന്ന മെയ് 17നാണ് അവസാനിക്കുന്നത്. അതിനു മുന്നോടിയായാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. യോഗം വൈകീട്ട് അവസാനിക്കും.

ലോക്ക് ഡൗണ്‍ അവസാനിച്ചിട്ടില്ലെങ്കിലും മെയ് 12 മുതല്‍ രാജ്യത്ത് ഭാഗികമായും നിയന്ത്രണങ്ങള്‍ക്കു വിധേയമായും ട്രയിന്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ 15 സര്‍വീസുകളാണ് റയില്‍വേ ആരംഭിക്കുന്നത്. ഒരു ട്രയിന്‍ ചെന്നൈയിലേക്കും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

അഗര്‍ത്തല, ഹൗറ, പാട്‌ന, ബിലാസ്പൂര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, ബംഗളൂരു, ചെന്നൈ, തിരുവനന്തപുരം, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മു കശ്മീര്‍ തുടങ്ങിയ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ട്രയിന്‍ ഗതാഗതം തുടങ്ങുന്നത്. 

Tags:    

Similar News