മലപ്പുറം ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിക്ക് ഡിപിസി അംഗീകാരം നല്‍കി
ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായും ഹൈസ്‌കൂള്‍ ഹയര്‍, സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടങ്ങളുടെ പരിപാലനത്തിനും അടിസ്ഥാന സൌകര്യ വികസനത്തിനായും 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ഉല്‍പ്പാദന മേഖലയില്‍ 18.78 കോടി രൂപയുടെയും, സേവന മേഖലയില്‍ 67.82 കോടി രൂപയുടെയും, പശ്ചാത്ത മേഖലയില്‍ 30.93 കോടി രൂപയുടെയും ഉള്‍പ്പെടെ ആകെ 117.54 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കിയത്.
നെല്‍ കൃഷി കൂലി ചെലവ് സബ്‌സിഡിക്ക് 1 കോടി രൂപയും, മത്സ്യങ്ങള്‍ സൂക്ഷിക്കുന്നതിന് കോള്‍ഡ് സ്‌റ്റോറേജ് സംവിധാനമൊരുക്കുന്നതിന് 50 ലക്ഷം രൂപയും, വെറ്റിനറി മരുന്നുകള്‍ക്ക് ന്യായ വില ഷോപ്പുകള്‍ ആരംഭിക്കുന്നതിന് 50 ലക്ഷം രൂപയും ആനങ്ങാടി ഷിഫ് ലാന്റിംഗ് സെന്റര്‍ വിപുലീകരിക്കുന്നതിന് 25 ലക്ഷം രൂപയും പദ്ധതിയില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ആതവനാട് പൌള്‍ട്രി ഫാമില്‍ നിലവില്‍ മുട്ടക്കോഴികളെ ഉല്‍പ്പാദിപ്പിക്കുന്ന ഹാച്ചറി യൂണിറ്റിന്റെ ഉല്‍പ്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുന്നത് കൂടാതെ ഇറച്ചി കോഴി കുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള സൌകര്യം കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയില്‍ വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതി തയ്യാറാക്കി. മത്സ്യകുഞ്ഞുങ്ങളെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ഹാച്ചറി യൂണിറ്റ് (50 ലക്ഷം) ജില്ലയിലേക്കാവശ്യമായ നടീല്‍ വസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കല്‍, വെറ്റില കര്‍ഷകരെ സഹായിക്കുന്നതിന് ഗ്രാമ പഞ്ചായത്തുകള്‍ക്ക് ധന സഹായം നല്‍കല്‍ (75 ലക്ഷം) എന്നീ പദ്ധതികളും ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച പ്രൊജക്റ്റുകളുലെ ലീസ്റ്റില്‍ ഉള്‍പ്പെടുന്നു.
ജല സംരക്ഷണത്തിനും ജല സേചനം, ശുചിത്വംമാലിന്യ സംസ്‌കരണം എന്നീ പദ്ധതികള്‍ക്കായി 19 കോടി രൂപയും ലൈഫ്/പാര്‍പ്പിട പദ്ധതിക്കായി 19.18 കോടി രൂപയും വനിതകളുടെ ഉന്നമനത്തിനായി 5.85 കോടി രൂപയും , കുട്ടികള്‍ ഭിന്നശേഷിക്കാര്‍ക്ക് എന്നീ വിഭാഗങ്ങളില്‍ പെട്ടവര്‍ക്കായി 4.05 കോടി രൂയും വയോജനങ്ങളുടെ ഉന്നമനത്തിനായി 3.14 കോടി രൂപയുടെയും പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്. ഭിന്നശേഷിക്കാര്ക്ക് സൈഡ് വീലോട് കൂടിയ സ്‌കൂട്ടര്‍ നല്‍കുന്നതിന് 75 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കൂട് മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും, ലൈവ് ഫിഷ് മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനും പദ്ധതിയില്‍ തുക വകയിരുത്തിയിരിക്കുന്നു.
ജില്ലാ ആശുപത്രികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായും ഹൈസ്‌കൂള്‍ ഹയര്‍, സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കെട്ടിടങ്ങളുടെ പരിപാലനത്തിനും അടിസ്ഥാന സൌകര്യ വികസനത്തിനായും 15 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ നേത്ര സംബന്ധമായ ചികിത്സക്കായി ഫാക്കോ സര്‍ജറി മെഷീന്‍ സ്ഥാപിക്കുന്നതിന് 46 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്. മുന്‍ മുഖ്യ മന്ത്രി സി.എച്ച് മുഹമ്മദ് കോയ ഡിജിറ്റല്‍ ലൈബ്രററി സ്ഥാപിക്കുന്നതിന് 1 കോടി രൂപ പ്രൊജക്റ്റില്‍ നീക്കി വെച്ചിട്ടുണ്ട്. മലബാര്‍ കലാപത്തിന്റെ 100 വാര്‍ഷിക സ്മരണാര്‍ത്ഥം സാംസ്‌കാരിക റിസര്‍ച്ച് സെന്റര്‍ ആരംഭിക്കുന്നതിനും, വണ്ടൂര്‍ ഹോമിയോ ക്യാന്‍സര്‍ സെന്റര്‍ റിസര്‍ച്ച് സെന്ററായി ഉയര്‍ത്തുന്നതിനും പദ്ധതി രൂപീകരിച്ചിട്ടുണ്ട്.