മലപ്പുറം ജില്ലയിലെ മൂന്ന് ആശുപത്രികളില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടിയുമായി ജില്ലാ പഞ്ചായത്ത്
നിലവില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലൊന്നും തന്നെ ഓക്‌സിജന്‍ പ്ലാന്റുകളില്ല, സംഭരണികള്‍ മാത്രമേയുള്ളൂ.
ഇതിനായി 2 കോടി രൂപ വകയിരുത്തും. ഇന്നലെ ഓണ്‍ലൈനില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ആദ്യഘട്ടത്തില്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണ് പ്ലാന്റ് സ്ഥാപിക്കുക. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരമില്ലാതെ തന്നെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പദ്ധതികള്‍ നടപ്പാക്കാമെന്ന് കഴിഞ്ഞദിവസം സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓക്‌സിജന്‍ പ്ലാന്റ് നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് നീക്കം തുടങ്ങിയത്.
നിലവില്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളിലൊന്നും തന്നെ ഓക്‌സിജന്‍ പ്ലാന്റുകളില്ല, സംഭരണികള്‍ മാത്രമേയുള്ളൂ. മൂന്നു ജില്ലാ ആശുപത്രികളിലേക്കും ഓക്‌സിജന്‍ വാങ്ങിക്കാനായി പ്രതിവര്‍ഷം 20 ലക്ഷത്തോളം രൂപ ജില്ലാ പഞ്ചായത്ത് ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവിടങ്ങളില്‍ സ്ഥാപിക്കുന്ന പ്ലാന്റുകളില്‍നിന്ന് ഉല്‍പാദനം ആരംഭിച്ചാല്‍ ജില്ലയ്ക്ക് ആവശ്യമായ സിലിണ്ടറുകള്‍ ലഭിക്കുന്നതോടൊപ്പം ആവശ്യമെങ്കില്‍ മറ്റ് ജില്ലകളിലേക്കുള്ള സിലിണ്ടറുകളും നല്‍കാനാകുമെന്നാണു പ്രതീക്ഷ. സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറത്ത് കോവിഡ് പോസിറ്റീവ് ആകുന്നവരുടെ എണ്ണവും വര്‍ധിച്ചു വരികയാണ്. ഓക്സിജന്‍ സിലിണ്ടറുകളുടെ അഭാവമുണ്ടായാല്‍ അത് വലിയ വിപത്തിലേക്കു നയിക്കുമെന്നു മുന്‍കൂട്ടിക്കണ്ടാണ് ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ ജില്ലാ പഞ്ചായത്ത് തീരുമാനമെടുത്തത്.