ഡോ. അബേദ്കര്‍-അയ്യങ്കാളി തൊഴില്‍ പരിശീലന കേന്ദ്രം അട്ടിമറിക്കാനുള്ള തൃക്കാക്കര നഗരസഭയുടെ നീക്കം പ്രതിഷേധാര്‍ഹം: എസ്ഡിപിഐ

തൃക്കാക്കരയിലെ പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പരിശീലന കേദ്രം നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

Update: 2020-08-02 11:18 GMT

കാക്കനാട്: തൃക്കാക്കര നഗരസഭയുടെ കീഴിലുള്ള പട്ടിക ജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള ഡോ. അബേദ്ക്കര്‍ അയ്യങ്കാളി തൊഴില്‍ പരിശീലന കേന്ദ്രത്തിലെ എറ്റവും പ്രധാനപെട്ട താഴത്തെ നിലയും, ഒന്നാം നിലയും വാണിജ്യ ആവശ്യത്തിന് വിട്ട് കൊടുക്കാനുള്ള തൃക്കാക്കര മുന്‍സിപ്പല്‍ കൗണ്‍സിലിന്റെ തീരുമാനം പട്ടികജാതിക്കാരോടുള്ള കടുത്ത അവഗണനയാണെന്ന് എസ്ഡിപിഐ തൃക്കാക്കര മണ്ഡലം പ്രസിഡന്റ് ഷിഹാബ് പടന്നാട്ട് ആരോപിച്ചു.

തൃക്കാക്കരയിലെ പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പരിശീലന കേദ്രം നിരവധി പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്. അതിന് ശേഷം നിലവിലെ ഭരണ സമിതിയുടെ നേതൃത്വത്തില്‍ നവരത്‌ന പദ്ധതിയില്‍ ഉള്‍പെടുത്തി പണി പൂര്‍ത്തികരിച്ച പുതിയ ബില്‍ഡിങ്ങ് ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. മാറി മാറി വരുന്ന തൃക്കാക്കരയിലെ ഇടത് - വലത് മുന്നണികളുടെ പട്ടികജാതിക്കാരോടുള്ള അവഗണനയുടെ അവാസനത്തെ ഉദാഹരണമാണ് ഈ തൊഴില്‍ പരിശീലന കേന്ദ്രം വാണിജ്യ ആവശ്യത്തിന് ലേലത്തിന് വെക്കുന്നത്.

ഇലക്ട്രീഷന്‍, ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്ക്, (മോട്ടോര്‍ വെഹിക്കിള്‍) പെയിന്റര്‍, വെല്‍ഡര്‍, സര്‍വ്വേയര്‍, ഡ്രൈവര്‍ കം മെക്കാനിക്ക് എന്നി ട്രേഡുകളില്‍ പരിശീലനം നല്‍കണം എന്ന് സംസ്ഥാന പട്ടിക ജാതി വകുപ്പ് നിഷ്‌കര്‍ഷിക്കുമ്പോള്‍, ഇതില്‍ നിന്ന് ഒന്നോ രണ്ടോ ട്രേഡ് മാത്രം എടുത്ത് പദ്ധതി മൂഴുവന്‍ തകര്‍ക്കുന്ന അവസ്ഥയാണ്. നിലവില്‍ ചെയര്‍മാന്‍ സ്ഥാനം പട്ടികജാതി വിഭാഗക്കാര്‍ക്ക് സംവരണം ചെയ്തു അവര്‍ ഭരണത്തില്‍ ഉള്ളപ്പോഴാണ് ഈ കെടുകാര്യസ്ഥത എന്നതും വിരോധാഭാസമാണ്.

നഗരസഭയുടെ കീഴില്‍ ഒരു പട്ടികജാതി ഓഫിസര്‍ ഉണ്ടെങ്കിലും ഫലപ്രദമായ ഒരു ഇടപെടല്‍ നടത്താതെ ഈ പരിശീലന കേന്ദ്രം അടച്ച് പൂട്ടുവാനും, കൊവിഡ് വ്യാപനത്തിന്റെ മറവില്‍ ബിനാമികളെ വച്ച് വാടക ഇനത്തില്‍ വാണിജ്യ ആവശ്യത്തിന് കൈമാറാനുമുള്ള ശ്രമമാണ് അണിയറയില്‍ നടന്ന് കൊണ്ടിരിക്കുന്നത്. അത്‌പോലെ തന്നെ നഗരസഭയുടെ വൈസ്. ചെയര്‍മാന്റെ നേതൃത്വത്തില്‍ പട്ടികജാതി വനിതാ സ്വയം തൊഴില്‍ പരിശീലന കെട്ടിടത്തിന്റെ സ്ഥലം കയ്യേറി ചട്ടം ലംഘിച്ച് അംഗവന്‍ വാടി നിര്‍മിച്ച് നിയമനടപടി നേരിട്ട് കൊണ്ടിരിക്കുമ്പോഴാണ് പ്രതിപക്ഷത്തിന്റെയും കൂടി ഒത്താശയോട് കൂടി പട്ടികജാതി വിഭാഗത്തിലെ യുവജനങ്ങളിലെ തൊഴില്‍ പരിശീലനകേന്ദ്രം തകര്‍ക്കാന്‍ ശ്രമിക്കുന്നത്.

പട്ടികജാതി വകുപ്പിന്റെ മുഴുവന്‍ ഉദ്ദേശ്യ ലക്ഷ്യങ്ങളെ അട്ടിമറിക്കുന്ന ഈ നീക്കത്തില്‍ നിന്നും നഗരസാഭാ അധികാരികള്‍ വിട്ട് നില്‍ക്കണമെന്നും അല്ലെങ്കില്‍ ശക്തമായ ജനകീയ നിയമ പോരാട്ടങ്ങള്‍ക്ക് സമാന ചിന്താഗതിക്കാരുമായും ആലോചിച്ച് എസ്ഡിപിഐ നേതൃത്വം കൊടുക്കുമെന്നും തൃക്കാക്കര മണ്ഡലം കമ്മറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ഓണ്‍ലൈന്‍ മീറ്റിംഗില്‍ നോതക്കന്‍മാരായ വി എം ഹരിസ്, കെ എം ഷാജഹാന്‍, കൊച്ചുണ്ണി, അലി എംഎസ്, റശീദ് പാറപ്പുറം, തുടങ്ങിയവര്‍ സമ്പന്ധിച്ചു.


Tags:    

Similar News