ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ കേരള സംഗീത നാടക അക്കാദമി ഭാരവാഹികള്‍ അപമാനിച്ചതിനെതിരേ നാടക് സംസ്ഥാന കമ്മിറ്റി
തൃശൂര്‍: മോഹിനിയാട്ടം കലാകാരന്‍ ഡോ. ആര്‍.എല്‍.വി രാമകൃഷ്ണനെ സംഗീത നാടക അക്കാദമി ഭാരവാഹികളും ഉദ്യോഗസ്ഥരും അപമാനിച്ചതിനെതിരേ നാടക് സംസ്ഥാന കമ്മിറ്റി. അക്കാദമിയുടെ ഭാഗത്തുന്നുണ്ടായ വീഴ്ചയും അവഹേളനവും കലാലോകം ഗൗവരവത്തോടെ കാണണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
കൊവിഡ്കാല സമാശ്വാസം എന്ന തരത്തില്‍ അക്കാദമി തുടങ്ങിയ ഓണ്‍ലൈന്‍ പരിപാടിയില്‍ തനിയ്ക്കുകൂടി ഒരു അവസരം വേണം എന്ന് കത്തു മൂലം ആവശ്യപ്പെടാന്‍ ചെയര്‍പേഴ്‌സന്റെ നിര്‍ദേശം അനുസരിച്ച് അക്കാദമിയില്‍ എത്തിയ രാമകൃഷ്ണന് വലിയ തോതില്‍ അവഹേളനവും പരിഹാസവും വിവേചനവും അനുഭവിയ്‌ക്കേണ്ടി വന്നിരുന്നു. അദ്ദേഹം തന്നെയാണ് എഫ്ബി വഴി ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ പരിപാടിയ്ക്ക് അപേക്ഷ ക്ഷണിയ്ക്കുകയോ മാനദണ്ഡങ്ങള്‍ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ ആരോപണവും ഉയര്‍ന്നിരിക്കുന്നത്.
തന്നെക്കാണാന്‍ വന്ന ഒരു കലാകാരനെ അക്കാദമി ഓഫിസിനു പുറത്ത് മാറ്റി നിര്‍ത്തുകയും പിന്നാലെ വന്ന പലര്‍ക്കും ദര്‍ശനം നല്‍കിയിട്ടും ഒന്നു നോക്കാന്‍ പോലും തയ്യാറാകാത്ത തരത്തില്‍ എന്ത് അസ്പൃശ്യതയാണ് രാമകരാമകൃഷ്ണനുള്ളതെന്ന് സെക്രട്ടറി വ്യക്തമാക്കേണ്ടതാണെന്ന് നാടക് ആവശ്യപ്പെട്ടു.
മോഹിയാട്ടത്തില്‍ ഡോക്ടറേറ്റ് നേടിയ ഈ ആര്‍ടിസ്റ്റിനെ അംഗീകരിയ്ക്കാന്‍ അക്കാദമിയ്ക്ക് ഇത്ര മടി എന്തുകൊണ്ടാണ്? അദ്ദേഹത്തിന് ഒരു അവസരം കൊടുക്കുന്ന കാര്യത്തില്‍ ഇത്ര വിയോജിപ്പ് എന്തുകൊണ്ടാണ്? സംഘര്‍ഷങ്ങള്‍ നിറഞ്ഞ 15 വര്‍ഷത്തെ മോഹിനിയാട്ട കലാപഠനത്തിനൊടുവില്‍ അദ്ദേഹം നേടിയ ബിരുദങ്ങള്‍ക്ക് പുല്ലുവില പോലും അക്കാദമി നേതൃത്വം കല്പിയ്ക്കുന്നില്ല എന്നത് കേരളത്തിന് നാണക്കേടാണ്. ഒരു കലാകാരനെയോ കലാകാരിയെയോ വിലയിരുത്തേണ്ടത് അവരുടെ കഴിവിന്റെ അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ തൊലിയുടെ നിറമോ കുടുംബ മഹിമയോ നോക്കിയാകരുത് എന്ന് കേരളത്തിലെ ഒരു അക്കാദമിയുടെ ഭാരവാഹികളോട് പറയേണ്ടിവരുന്നത് അത്യന്തം ഖേദകരമാണ്. അല്ലെങ്കില്‍ എന്തുകാരണം കൊണ്ടാണ് രാമകൃഷ്ണനെ കാണാന്‍പോലും കൂട്ടാക്കാതിരുന്നതെന്നും അദ്ദേഹത്തിന് അവസരം നിഷേധിച്ചതെന്നും സെക്രട്ടറിയും, താന്‍ തന്നെ പറഞ്ഞിട്ട് കത്തു കൊടുക്കാന്‍ വന്ന ഒരു കലാകാരന്റെ കാര്യത്തില്‍ ഇത്ര മോശമായ കാര്യങ്ങള്‍ എന്തുകൊണ്ട് ഉണ്ടായി എന്ന് ചെയര്‍പേഴ്‌സണും കേരളീയ സമൂഹത്തിനോട് വ്യക്തമാക്കേണ്ടതുണ്ട്- നാടക് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
വിദ്യാസമ്പന്നനും നൂറുകണക്കിന് കുട്ടികള്‍ക്ക് ഗുരുവും നൃത്തോപാസന ജീവവായുവുമാക്കിയ രാമകൃഷ്ണന് നേരിട്ട അപമാനവും തിരസ്‌ക്കാരവും കേരളത്തിലെ മുഴുവന്‍ കലാകാര സമൂഹത്തിനും ഏറ്റ അപമാനമാണ്. രാമകൃഷ്ണന് നീതി കിട്ടാന്‍ വേണ്ട ഇടപെടലുകള്‍ നടത്തണമെന്നും തങ്ങള്‍ അലങ്കരിയ്ക്കുന്ന പദവിയുടെ സാമൂഹ്യ ഉത്തരവാദിത്തവും ഗൗരവവും തിരിച്ചറിയാത്ത അക്കാദമി ഭാരവാഹികളുടെ പ്രവര്‍ത്തന രീതി തിരുത്തിയ്ക്കാന്‍ ശക്തമായി ഇടപെടണമെന്നും നാടക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.