അധ്യാപകരുടെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചു; യുപിയില്‍ ദലിത് വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം; അന്വേഷണം പ്രഖ്യാപിച്ചു
മഹോബ: യുപിയിലെ മഹോബയില്‍ അധ്യാപകരുടെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ദലിത് വിദ്യാര്‍ത്ഥിനിക്ക് മര്‍ദ്ദനം. മഹോബ ജില്ലയില്‍ ഛികാര ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലാണ് സംഭവം. സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിക്കാണ് ദുരനുഭവമുണ്ടായത്.
സംഭവത്തില്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ജിത്രേന്ദ്ര സിങ് അന്വേഷണം പ്രഖ്യാപിച്ചു. ബേസിക് ശിക്ഷാ അധികാരിക്കാണ് അന്വേഷണച്ചുമതല. അദ്ദേഹത്തോട് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേറെ വേറെ പാത്രങ്ങളിലാണ് കുടിവെള്ളം സൂക്ഷിച്ചിട്ടുള്ളത്. കുട്ടികളുടെ പാത്രം ഒഴിഞ്ഞതുകൊണ്ടാണ് അധ്യാപകരുടെ പാത്രത്തില്‍നിന്ന് വെള്ളമെടുത്തത്.
സ്‌കൂളിലെ അസിസ്റ്റന്റ് ടീച്ചര്‍ കല്യാണ്‍ സിങ്ങാണ് മര്‍ദ്ദിച്ചത്.
കുട്ടി വീട്ടിലെത്തിയശേഷം സംഭവം വീട്ടുകാരോട് പരഞ്ഞു. കുട്ടിയുടെ പിതാവ് രമേശ് കുമാറും നാട്ടുകാരില്‍ ചിലരും സ്‌കൂളിലെത്തി മര്‍ദ്ദനത്തെ ചോദ്യം ചെയ്‌തെങ്കിലും അപ്പോഴും അധ്യാപകന്‍ മോശമായി പെരുമാറി. കുടുംബവും ഗ്രാമവാസികളും തഹസില്‍ദാറുടെ ഓഫിസിലെത്തി പരാതി പറഞ്ഞു. തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചത്.
ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നാണ് വിദ്യാര്‍ത്ഥിനി പറയുന്നത്.
ചീത്തപറഞ്ഞെങ്കിലും മര്‍ദ്ദിച്ചില്ലെന്നാണ് അധ്യാപകന്‍ മൊഴിനല്‍കിയത്.