ഡിആര്‍ഡിഒ ലഖ്‌നോവിലും വാരാണസിയിലും അഹമ്മദാബാദിലും കൊവിഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നു

Update: 2021-04-21 05:32 GMT

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ ലഖ്‌നോവിലും വാരാണസിയിലും അഹമ്മദാബാദിലും കൊവിഡ് ആശുപത്രികള്‍ സ്ഥാപിക്കുന്നു. ലഖ്‌നോവില്‍ 450 കിടക്കളും വാരാണസിയില്‍ 750 കിടക്കകളും അഹമ്മദാബാദില്‍ 900 കിടക്കകളുമുള്ള ആശുപത്രികളുമാണ് സ്ഥാപിക്കുകയെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ. ജി സതീശ് റെഡ്ഡി പറഞ്ഞു.

ലഖ്‌നോവിലെ അവാധ് ശില്‍പ് ഗ്രാമില്‍ ആശുപത്രിനിര്‍മാണം യുദ്ധകാല അടിസ്ഥാനത്തില്‍ നടക്കുന്നുണ്ട്. ആശുപത്രികളില്‍ ഐസിയു വാര്‍ഡുകള്‍, വെന്റിലേറ്റര്‍, ഓക്‌സിജര്‍ സംവിധാനം എന്നിവ സജ്ജീകരിക്കും.

കൊവിഡ് ചികില്‍സയ്ക്കു വേണ്ടി ന്യൂഡല്‍ഹിയില്‍ ഡിആര്‍ഡിഒ ഒരു ആശുപത്രി സജ്ജീകരിച്ചിട്ടുണ്ട്. അവിടെ സൗജന്യ ചികില്‍സ ലഭ്യമാണ്. ലോകാരോഗ്യസംഘടനയുടെ നിബന്ധനകള്‍ക്കനുസരിച്ചുള്ള സജ്ജീകരണങ്ങളുളളതാണ് ഡല്‍ഹി ആശുപത്രി.

ഓക്‌സിജന്‍ നല്‍കുന്നതിനുവേണ്ടി ഡിആര്‍ഡിഒ, എസ്പിഒ2 എന്ന പേരില്‍ ഒരു സംവിധാനം രൂപപ്പെടുത്തിയിട്ടുണ്ട്. കൊവിഡ് രോഗികള്‍ക്ക് ഇത് ഉപയോഗിക്കാന്‍ കഴിയും. ഉയര്‍ന്ന പ്രദേശങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന സൈനികര്‍ക്കും ഉപയോഗിക്കാം.

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തിലൂടെ കന്നുപോകുന്ന ഇന്ത്യയില്‍ പ്രതിദിനം 1000 പേരാണ് കൊവിഡ് ബാധിച്ച് മരിക്കുന്നത്.

Tags:    

Similar News