കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തല്‍ കിറ്റ് വികസിപ്പിച്ച് ഡിആര്‍ഡിഒ

ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിയോളജി ആന്റ് അലൈഡ് സയന്‍സസ് (ഡിപാസ്) ആണ് കിറ്റ് വികസിപ്പിച്ചത്.

Update: 2021-05-21 18:42 GMT

ന്യൂഡല്‍ഹി: മനുഷ്യനില്‍ കൊവിഡ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താനുള്ള കിറ്റ് 'DIPCOVAN' തദ്ദേശീയമായി വികസിപ്പിച്ച് ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). ഡിഫന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിയോളജി ആന്റ് അലൈഡ് സയന്‍സസ് (ഡിപാസ്) ആണ് കിറ്റ് വികസിപ്പിച്ചത്. 75 മിനിട്ടുകൊണ്ട് കിറ്റ് ഉപയോഗിച്ച് പരിശോധന നടത്താം.

18 മാസമാണ് ഒരു കിറ്റിന്റെ കാലാവധി. കിറ്റ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഏപ്രിലില്‍ അംഗീകരിച്ചിരുന്നു. മെയില്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ), സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ (സിഡിഎസ്‌സിഓ), കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം എന്നിവ കിറ്റ് ഉത്പാദിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള അനുമതി നല്‍കിയിരുന്നു.

ജൂണ്‍ ആദ്യവാരം മുതല്‍ കിറ്റ് വാണിജ്യാടിസ്ഥാനത്തില്‍ വില്‍പന നടത്തും. 100 കിറ്റുകളാണ് ആദ്യഘട്ടത്തില്‍ വിപണിയില്‍ എത്തുക. പ്രതിമാസം 500 കിറ്റുകളാകും നിര്‍മ്മിക്കുക. 575 രൂപയാവും ഇതിന്റെ വില.

Tags:    

Similar News