ദുബൈ: യുഎഇയുടെ 49-ാം ദേശീയ ദിനാഘോഷം ദുബൈ കെഎംസിസി വിപുലമായി ആഘോഷിക്കും. ഡിസംബര്‍ 4ന് സൂം പ്ളാറ്റ്ഫോമില്‍ 5,000 പ്രതിനിധികളെ പങ്കടുപ്പിച്ചായിരിക്കും വിപുലമായ ആഘോഷ പരിപാടികളെന്ന് അല്‍ബറാഹ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദുബൈ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ അറിയിച്ചു.
യുഎഇ ഗവണ്‍മെന്റിലെ ഉന്നതോദ്യോഗസ്ഥരും ദുബൈ ഹെല്‍ത് അഥോറിറ്റി, കമ്യൂണിറ്റി ഡെവലപ്മെന്റ് അഥോറിറ്റി, ദുബൈ ഔഖാഫ് ആന്റ് ഇസ്ലാമിക് അഫയേഴ്സ്, നാഷനല്‍ സെക്യൂരിറ്റി, ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രതിനിധികളും; ഇന്ത്യയില്‍ നിന്നും എംപിമാര്‍, എംഎല്‍എമാര്‍, മുസ്ലിം ലീഗ്-യുഡിഎഫ് ദേശീയ-സംസ്ഥാന നേതാക്കള്‍, പത്മശ്രീ എം.എ യൂസുഫലി ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികളും ദേശീയ ദിനാഘോഷ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ആക്ടിംഗ് ജന.സെക്രട്ടറിമാരായ ഹംസ തൊട്ടിയും അഡ്വ. സാജിദ് അബൂബക്കറും പറഞ്ഞു. വിവിധ ഘട്ടങ്ങളിലായി നടക്കുന്ന കലാ-സാംസ്‌കാരിക മല്‍സരങ്ങളിലും പരിപാടികളിലും പ്രതിഭകള്‍ മാറ്റുരക്കും. പ്രവാസ ലോകത്ത് നടക്കുന്ന ഏറ്റവും അഗബലമുള്ളതും പ്രൗഢവുമായ സൂം ആഘോഷ പരിപാടിക്ക് വിപുലമായ സ്വാഗതസംഘം കമ്മിറ്റിക്ക് ദുബൈ കെഎംസിസി രൂപം നല്‍കി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ദുബൈ കെഎംസിസി മീഡിയ വിംഗ് ചെയര്‍മാന്‍ ഒ.കെ ഇബ്രാഹിം പറഞ്ഞു. കെഎംസിസി ഉപദേശക സമിതി ഉപാധ്യക്ഷന്മാരായ ഡോ. പി.എ ഇബ്രാഹിം ഹാജി, യഹ്യ തളങ്കര, വൈസ് പ്രസിഡന്റുമാരായ മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, സെക്രട്ടറിമാരായ കെ.പി.എ സലാം, അഡ്വ. ഇബ്രാഹിം ഖലീല്‍, ശുക്കൂര്‍ കാരയില്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു