യുറോപ്യന്‍ പാര്‍ലമെന്റിന് മറുപടിയുമായി ദുബയ്; ദുബയ് എക്‌സ്‌പൊ 2020 നിര്‍മാണത്തിനിടയില്‍ ആകെ മരണം മൂന്ന്; പരിക്കേറ്റത് എഴുപതോളം പേര്‍ക്ക്
ദുബയ്: ദുബയി എക്‌സ്‌പൊ 2020 സൈറ്റ് നിര്‍മാണത്തിനിടയില്‍ ആകെ മൂന്ന് പേരാണ് മരിച്ചതെന്ന് ദുബയ് എക്‌സ്‌പൊ അധികൃതര്‍. നിര്‍മാണത്തിനിടയില്‍ 70ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ദുബയ് എക്‌സ്‌പൊ ബഹിഷ്‌കരിക്കണമെന്ന യൂറോപ്യന്‍ പാര്‍ലമെന്റിന്റെ ആഹ്വാനത്തോട് പ്രതികരിക്കുകയായിരുന്നു എക്‌സ്‌പൊ അധികൃതര്‍. അറബ് എമിറേറ്റ്‌സില്‍ നിര്‍മാണമേഖലയില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നുണ്ടെന്നും കുടിയേറ്റത്തൊഴിലാളികളോടുള്ള പെരുമാറ്റം അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്നും ആരോപിച്ചായിരുന്നു യൂറോപ്യന്‍ യൂനിയന്‍ പാര്‍ലമെന്റ് ബഹിഷ്‌കരണാഹ്വാനം നടത്തിയത്.
ദുബയ് അധികൃതര്‍ നല്‍കുന്ന വിവരമനുസരിച്ച് 2,00,000 പേരാണ് എക്‌സ്‌പൊയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. ബ്രിട്ടനെക്കാള്‍ മികച്ച സുരക്ഷാ സംവിധാനമാണ് തങ്ങള്‍ ഒരുക്കിയതെന്നും ദുബയ് അധികൃതര്‍ അവകാശപ്പെടുന്നു. കൊവിഡ് കാലത്ത് മൂന്ന് പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്.
ഗള്‍ഫ് രാജ്യമായ ഖത്തറാണ് അടുത്ത ഫിഫ വേള്‍ഡ് കപ്പിന് ആതിഥ്യമരുളുക. ആ സാഹചര്യത്തില്‍ക്കൂടിയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
നിര്‍മാണ മേഖലയില്‍ തങ്ങള്‍ മികച്ച സൗകര്യങ്ങളും സുരക്ഷയുമാണ് ഒരുക്കുന്നതെന്ന് ദുബയ് എക്‌സ്‌പൊ അധികൃതര്‍ അറിയിച്ചു. എക്‌സ്‌പൊ സൈറ്റ് നിര്‍മാണത്തിന് 247 ദശലക്ഷം മണിക്കൂറിന്റെ അധ്വാനമാണ് വേണ്ടിവന്നത്.
അതേസമയം എക്‌സ്‌പൊ സന്ദര്‍ശിച്ച ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീന്‍ യെവ്‌സ് ലെ ഡ്രിയാന്‍ തങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് പ്രമേയത്തിന്റെ ഭാഗമല്ലെന്ന് അറിയിച്ചു.
ബ്യൂറോ ഓഫ് ഇന്റര്‍നാഷണല്‍ എക്‌സ്‌പൊസിഷന്‍സിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് എക്‌സ്‌പൊ വേദി തിരഞ്ഞടുക്കുക. 167 അംഗരാജ്യങ്ങളാണ് ഉള്ളത്. 2013ല്‍ നടന്ന വോട്ടെടുപ്പിലാണ് ദുബയിക്ക് അവസരം ലഭിച്ചത്. കൊവിഡ് സാഹചര്യത്തിലാണ് 2020ല്‍ നടക്കേണ്ട എക്‌സ്‌പൊ 2021ലേക്ക് നീട്ടിയത്.