വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് 5,06,514 ദിര്‍ഹംസ് നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതി വിധി
2019 ആഗസ്ത് 22ന് ഫുജൈറയിലെ മസാഫിയില്‍ അബ്ദുല്‍ റഹ്മാന്റെ നിര്‍ത്തിയിട്ട വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ച് അപകടമുണ്ടാവുകയായിരുന്നു. ഒരുവര്‍ഷത്തോളം നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് അബ്ദുല്‍റഹ്മാന് അനുകൂലമായ കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്.
ദുബയ്: വാഹനാപകടത്തില്‍ പരിക്കേറ്റ കുറ്റിപ്പുറം സ്വദേശി അബ്ദുല്‍ റഹ്മാ (37) ന് 5,06,514 ദിര്‍ഹംസ് (1 കോടി 3 ലക്ഷം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ ദുബയ് കോടതിയുടെ വിധി. ഒരുവര്‍ഷത്തോളം നടത്തിയ നിയമയുദ്ധത്തിനൊടുവിലാണ് അബ്ദുല്‍റഹ്മാന് അനുകൂലമായ കോടതി ഉത്തരവ് ഉണ്ടായിരിക്കുന്നത്. 2019 ആഗസ്ത് 22 ന് ഫുജൈറയിലെ മസാഫിയില്‍ അബ്ദുല്‍ റഹ്മാന്റെ നിര്‍ത്തിയിട്ട വാഹനത്തില്‍ മറ്റൊരു വാഹനമിടിച്ച് അപകടമുണ്ടാവുകയായിരുന്നു. അബ്ദുല്‍ റഹ്മാന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിര്‍വാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെടുകയും തുടര്‍ന്ന് ട്രാഫിക്ക് ക്രിമിനല്‍ കോടതി ഡ്രൈവര്‍ക്ക് 3000 ദിര്‍ഹംസ് പിഴ വിധിച്ച് വിട്ടയക്കുകയും ചെയ്തു.
വാഹനാപകടത്തില്‍ ഗുരുതര പരിക്കുകളേറ്റ അബ്ദുല്‍ റഹ്മാന് നഷ്ടപരിഹാരം ലഭിക്കുന്നതിനായി അബ്ദുല്‍ റഹ്മാന്റെ കുടുംബസുഹൃത്ത് ഇസ്മായിലും സുഹൃത്തുക്കളും ചേര്‍ന്ന് യുഎഇയിലെ നിയമപ്രതിനിധിയും സാമൂഹിക പ്രവര്‍ത്തകനുമായ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിലൂടെ ഇന്‍ഷുറന്‍സ് അതോറിറ്റിക്ക് മുമ്പാകെ മെഡിക്കല്‍ റിപോര്‍ട്ടുകളും പോലിസ് റിപോര്‍ട്ടുകളും സമര്‍പ്പിച്ച് യുഎഇയിലെ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനിക്കെതിരെയും വാഹനത്തിന്റെ ഡ്രൈവര്‍ക്കെതിരെയും നഷ്ടപരിഹാരം ലഭിക്കുന്നതിനായുള്ള കേസ് രജിസ്റ്റര്‍ ചെയ്തു. ആ കേസില്‍ 5,00000 ദിര്‍ഹംസ് നഷ്ടപരിഹാരം നല്‍കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ഇന്‍ഷുറന്‍സ് അതോറിറ്റി ആവശ്യപ്പെട്ടു.
എന്നാല്‍, സമര്‍പ്പിച്ച രേഖകള്‍ അനുസരിച്ച് അബ്ദുല്‍ റഹ്മാന് പറയത്തക്ക പരിക്കുകളൊന്നും പറ്റിയിട്ടില്ലെന്നും വിധിച്ച തുക അധികമാണെന്നും അതില്‍നിന്നും കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനി ദുബയ് കോടതിയില്‍ സിവില്‍ കേസ് നല്‍കി. കേസ് കോടതിയില്‍ എത്തിയപ്പോള്‍ മെഡിക്കല്‍ റിപോര്‍ട്ടുകള്‍ ഉള്‍പ്പടെ ശക്തമായ രേഖകളുമായി അബ്ദുറഹ്മാന്റെ അഭിഭാഷകന്‍ മറുപടി മെമ്മോറാണ്ടം സമര്‍പ്പിച്ചു. അബ്ദുല്‍ റഹ്മാന്റെ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ക്കും വാദങ്ങള്‍ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദങ്ങള്‍ക്ക് സാധിച്ചില്ല.
തെറ്റ് വാഹനത്തിന്റെ ഡ്രൈവറുടെ ഭാഗത്താണെന്നും മെഡിക്കല്‍ റിപോര്‍ട്ട് പ്രകാരം അബ്ദുല്‍ റഹ്മാന്‍ സാരമായ പരിക്ക് തന്നെ പറ്റിയിട്ടുണ്ടെന്നും ആയതിനാല്‍ ഇന്‍ഷുറന്‍സ് അതോറിറ്റി വിധിച്ച തുക തന്നെ നല്‍കണമെന്നും കോടതി കണ്ടെത്തി. പിന്നീട് ഇന്‍ഷുറന്‍സ് കമ്പനി ഇതേ വാദവുമായി അപ്പീല്‍ കോടതിയിലും സുപ്രിംകോടതിയിലും പോയെങ്കിലും അബ്ദുല്‍ റഹ്മാന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച മതിയായ രേഖകകളടങ്ങുന്ന മറുപടി മെമ്മോറാണ്ടത്തിനു മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
പരിക്കുകളും നഷ്ടപരിഹാരവും വിലയിരുത്താന്‍ നിലവില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപോര്‍ട്ട് മാത്രം മതിയെന്ന് കണ്ടെത്തുകയും ഇന്‍ഷുറന്‍സ് കമ്പനിയുടെ വാദം പൂര്‍ണമായും തള്ളുകയും ചെയ്തു. അബ്ദുല്‍ റഹ്മാന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപോര്‍ട്ടിന്റെയും കോടതിയെ ബോധ്യപ്പെടുത്തിയ പരിക്കുകളുടെയും അടിസ്ഥാനത്തില്‍ അബ്ദുല്‍ റഹ്മാന് 5,06,514 യുഎഇ ദിര്‍ഹം (1 കോടി 3 ലക്ഷം ഇന്ത്യന്‍ രൂപ) നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടു.