ഡിവൈഎഫ്‌ഐ ഇടപെടല്‍ ഫലിച്ചില്ല; ഉദ്യോഗാര്‍ത്ഥികളുടെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരം തുടരും
തിരുവനന്തപുരം: തസ്തിക സൃഷ്ടിച്ച് പിഎസ്‌സി പട്ടികയില്‍ നിന്ന് നിയമം നടത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന പിഎസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം തുടരും. ഭരണകക്ഷി യുവജനസംഘടനയായ ഡിവൈഎഫ്‌ഐ ഇടപെടല്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് സമരം തുടരാന്‍ സമരക്കാര്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച രാത്രി 11.30ന് മുഖ്യമന്ത്രിയുടെ ഓഫിസുമായി ഡിവൈഎഫ്‌ഐ പ്രതിനിധികളും റാങ്ക് ഹോള്‍ഡേഴ്‌സ് സമരസമിതി നേതാക്കളും ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമായില്ല. ചര്‍ച്ച 1.15 വരെ തുടര്‍ന്നു.
റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരം ഇടത്പക്ഷത്തിന് വലിയ തലവേദന സൃഷ്ടിച്ചതോടെയാണ് ഡിവൈഎഫ്‌ഐ സംസ്ഥാന നേതാക്കള്‍ നേരിട്ട് ഇടപെട്ടത്. സമരം രാഷ്ട്രീയപ്രേരിതമെന്ന് ആരോപിച്ച് നേരത്തെ ഇടത് പക്ഷത്തെ മുതിര്‍ന്ന നേതാക്കളായ മന്ത്രി തോമസ് ഐസക്കിനെപ്പോലുള്ളവര്‍ രംഗത്തുവന്നിരുന്നു. അതേസമയം കോണ്‍ഗ്രസ് നേതൃത്വം റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയുമായെത്തി.
പുതിയ തസ്തിക സൃഷ്ടിച്ച് സര്‍ക്കാര്‍ നിയമനം ത്വരിതപ്പെടുത്തുമെന്ന് രേഖാമൂലം അറിയിപ്പു കിട്ടാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമരക്കാര്‍ അറിയിച്ചു.
സമരക്കാരെ പ്രതിനിധീകരിച്ച് നാല് പേരാണ് മുഖ്യമന്ത്രിയുടെ ഓഫിസുമായി ചര്‍ച്ചയ്ക്ക് പോയത്.