പത്തനംതിട്ട കോഴഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു; ബിജെപി നേതാവിന്റെ വീടിനുനേരെയും ആക്രമണം
പത്തനംതിട്ട: കോഴഞ്ചേരിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. സിപിഎം കോഴഞ്ചേരി ലോക്കല്‍ കമ്മിറ്റിയംഗവും ഷോപ്പ്‌സ് ആന്റ് എസ്റ്റാബ്ലിഷ്മന്റ് യൂനിയന്‍ ജില്ലാ വൈസ് പ്രസിഡന്റും കോഴഞ്ചേരി ബ്ലോക്ക് ജോയിന്റ് സെക്രട്ടറിയുമായ നെജില്‍ കെ ജോണിനെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ്സാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പരിക്കേറ്റ നൈജിലിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് ബൈക്കുകളിലും ഒരു ബൊലേറോയിലുമായെത്തിയ സംഘമാണ് വെട്ടിയതെന്നാണ് പോലിസ് പറയുന്നത്. കോഴഞ്ചേരി ടൗണിന് സമീപം രാത്രി 10 മണിയോടെയാണ് സംഭവം. കുറിയന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഡിവൈഎഫ്‌ഐ- ആര്‍എസ്എസ് സംഘര്‍ഷം നിലനിന്നിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ കോഴഞ്ചേരിയിലെ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരേയും ആക്രമണമുണ്ടായി. യുവമോര്‍ച്ച നേതാവ് ദീപു ശ്രീഹരിയുടെ വീടും വാഹനവും അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചു.