'പൗരത്വത്തിന് മുസ്‌ലിങ്ങള്‍ മതം മാറേണ്ടി വരും'; സിഎഎക്കെതിരെ സുപ്രിം കോടതിയെ സമീപിച്ച് ഡിവൈഎഫ്ഐ

Update: 2024-03-19 04:58 GMT

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നിയമം മുസ്‌ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി സിപിഎമ്മിന്റെ യുവജന സംഘടന ഡിവൈഎഫ്‌ഐ. പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയില്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വരുന്ന മുസ്‌ലിങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം ലഭിക്കാന്‍ മതം മാറേണ്ടി വരുമെന്നും സുപ്രിം കോടതിയില്‍ എഴുതി നല്‍കിയ വാദത്തില്‍ ഡിവൈഎഫ്‌ഐ ചൂണ്ടിക്കാട്ടുന്നു. അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഇവിടങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ടതാണ് പൗരത്വ നിയമ ഭേദഗതി നിയമം. വിഷയത്തില്‍ ഡിവൈഎഫ്‌ഐക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ അഡ്വ പിവി സുരേന്ദ്രനാഥാണ് സുപ്രിം കോടതിയില്‍ സബ്മിഷന്‍ എഴുതി നല്‍കിയത്. ഭരണഘടനയിലെ 14ാം അനുച്ഛേദത്തിന്റെ നഗ്‌നമായ ലംഘനമാണ് ഇതെന്നും ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൗരത്വ നിയമഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. ആകെ 236 ഹരജികളാണ് സുപ്രിം കോടതിയുടെ പരിഗണയിലുള്ളത്. സിപിഎം, സിപിഐ, മുസ്ലിംലീഗ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരാണ് ഹരജിക്കാര്‍. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹരജിക്കാര്‍ സുപ്രിം കോടതിയില്‍ ചൂണ്ടിക്കാട്ടുന്നത്.

Tags:    

Similar News