ലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്റെ പുറന്തള്ളലാണ് മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം: ഡിവൈഎഫ്‌ഐ
മുസ്‌ലിം ലീഗിന്റെ വിവാദപ്രസംഗം അപരിഷ്‌കൃതവും കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക പൈതൃകത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്
തിരുവനന്തപുരം: മുസ്‌ലിം ലീഗിന്റെ വിവാദപ്രസംഗം അപരിഷ്‌കൃതവും കേരളത്തിന്റെ ഉയര്‍ന്ന സാംസ്‌കാരിക പൈതൃകത്തിന് അപമാനകരവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടുന്നതിനെതിരെ കോഴിക്കോട് നടത്തിയ റാലിയില്‍ ലീഗ് നേതാക്കള്‍ നടത്തിയ വിവാദ പ്രസ്താവനകള്‍ക്കെതിരേയാണ് ഡി.വൈ.എഫ്.ഐയുടെ പ്രസ്താവന.
കേരളത്തിന്റെ സമാധാനാന്തരീക്ഷവും മതസൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം പ്രസംഗങ്ങള്‍ അത്യന്തം അപകടകരമാണ്. രണ്ടുപേരുടെ വിവാഹജീവിതം ദാമ്പത്യമല്ലെന്നും വ്യഭിചാരമാണെന്നും പരസ്യമായി അധിക്ഷേപിക്കുന്ന ലീഗ് മുന്നോട്ടുവെയ്ക്കുന്ന അഭിപ്രായം ആധുനിക കേരളത്തിന് യോജിച്ചതല്ല.
മുസ്‌ലിം ലീഗിനകത്ത് തിളച്ചുമറിയുന്ന താലിബാനിസത്തിന്റെ പുറന്തള്ളലാണ് മുഖ്യമന്ത്രിക്കെതിരായ ജാതീയധിക്ഷേപം. മുസ്‌ലിം ലീഗ് അത്രമേല്‍ ജമാഅത്തെ ഇസ്‌ലാമി വല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. മുഖ്യമന്ത്രിക്കെതിരെ ആര്‍.എസ്.എസ് ആരംഭിച്ച വംശീയാധിക്ഷേപം മുസ്‌ലിം ലീഗ് ഏറ്റെടുത്തിരിക്കുകയാണ്. നവോത്ഥാന നായകര്‍ ഉഴുതുമറിച്ച മണ്ണില്‍ ലീഗ് പേറുന്ന ജീര്‍ണ്ണിച്ച ചിന്തകള്‍ ചരിത്രം ചവറ്റുകൊട്ടയിലെറിയും പ്രസ്താവനയില്‍ പറഞ്ഞു.
മന്ത്രി മുഹമ്മദ് റിയാസിനെതിരെയും ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിനെതിരെയുമുളള അതിരുകടന്ന അധിക്ഷേപം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചു. മധ്യകാലത്തിലെവിടെയോ സ്തംഭിച്ചുപോയ പ്രാകൃത തലച്ചോറുമായി നടക്കുന്ന ലീഗ് നേതൃത്വം മനോവിഭ്രാന്തിയിലാണ്. നാവിന് ലൈസന്‍സ് ഇല്ലെന്നുകരുതി ആരെയും അധിക്ഷേപിക്കാമെന്ന ധാര്‍ഷ്ട്യം അംഗീകരിച്ച് നല്‍കാനാവില്ല. കേരളത്തിലെ പ്രബുദ്ധജനത ഇത് തിരിച്ചറിയും. മുസ്്‌ലിം മതന്യൂനപക്ഷത്തിലെ മഹാഭൂരിപക്ഷവും മതനിരപേക്ഷ പക്ഷത്ത് നില്‍ക്കുന്നവരാണ്. അവര്‍ വര്‍ഗീയതയെ ഇഷ്ടപ്പെടുന്നില്ല. മുസ്‌ലിം ലീഗിന്റെ ഭാഗമായി നില്‍ക്കുന്നവര്‍ക്കിടയില്‍പ്പോലും സ്ത്രീപുരുഷ തുല്യതയെക്കുറിച്ചും സ്ത്രീപുരുഷബന്ധത്തിലെ ജനാധിപത്യത്തെക്കുറിച്ചും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു. ഈ മാറ്റം ലീഗിലെ ഒരുവിഭാഗത്തിന് ഇതുവരെയും തിരിച്ചറിയാനാവുന്നില്ല. തങ്ങള്‍ ജനാധിപത്യ പാര്‍ട്ടിയല്ലെന്നും ഒരു വര്‍ഗീയ സംഘടനമാത്രമാണെന്നും ലീഗ് ഇന്നലെ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത് ലീഗിനെ മുസ്‌ലിം സമൂഹത്തില്‍നിന്നും കൂടുതല്‍ ഒറ്റപ്പെടുത്തുകയേയുള്ളൂവെന്നും ഡി.വൈ.എഫ്.ഐ വിമര്‍ശിച്ചു. രാഷ്ട്രീയമായി വലിയ തിരിച്ചടിയാണ് ലീഗ് നേരിട്ടുകൊണ്ടിരിക്കുന്നത്. വര്‍ഗീയവും പുരോഗമനവിരുദ്ധവുമായ നിലപാടുകള്‍ ലീഗിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ജമാഅത്തെ ഇസ്‌ലാമിവല്‍ക്കരിക്കപ്പെട്ട ലീഗ് കൂടുതല്‍ വര്‍ഗ്ഗീയ സ്വഭാവം പ്രകടിപ്പിക്കുമ്പോള്‍ കോണ്‍ഗ്രസ് തുടരുന്ന മൗനവും ആപല്‍ക്കരമാണെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ പറഞ്ഞു.