മക്കള്‍ രാഷ്ട്രീയം: മഹാരാഷ്ട്ര മന്ത്രിസഭയിലെ 43 ല്‍ 19 പേരും നേതാക്കന്മാരുടെ ബന്ധുക്കള്‍
കോണ്‍ഗ്രസ്സാണ് ഇക്കാര്യത്തില്‍ മുന്നില്‍. 12 മന്ത്രിമാരില്‍ 8 പേരും പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
മുംബൈ: മഹാരാഷ്ട്ര മന്ത്രിസഭയിലെ 43 മന്ത്രിമാരില്‍ നല്ലൊരു പങ്കും പ്രമുഖ നേതാക്കളുടെ അടുത്ത ബന്ധുക്കള്‍. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി നേതാക്കളാണ് അവരുടെ അടുത്ത ബന്ധുക്കളെ മന്ത്രിമാരാക്കിയത്. 36 മന്ത്രിമാരെ കൂടെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ വികസിപ്പിച്ചത്.
43 മന്ത്രിമാരില്‍ നേതാക്കളുടെ അടുത്ത ബന്ധുക്കളായ 19 പേരാണ് ഇത്തവണ മന്ത്രിസഭയില്‍ ഇടം പിടിച്ചത്. മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടക്കം പലരും പ്രമുഖമായ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്.
കോണ്‍ഗ്രസ്സാണ് ഇക്കാര്യത്തില്‍ മുന്നില്‍. 12 മന്ത്രിമാരില്‍ 8 പേരും പ്രമുഖ രാഷ്ട്രീയ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ബാലസാഹെബ് തോറാട്ട്, അശോക് ചവാന്‍, അമിത് ദേശ്മുഖ്, സതേജ് പാട്ടില്‍ തുടങ്ങിയവരാണ് ഇവരില്‍ പ്രമുഖര്‍.
എന്‍സിപിക്ക് മൊത്തം 16 മന്ത്രിമാരാണ് ഉള്ളത്. എന്‍സിപിയുടെ നേതാവ് ശരത് പവാറിന്റെ മരുമകന്‍ അജിത് പവാര്‍ ഉദ്ദവ് താക്കറെ മന്ത്രിസഭയിലെ രണ്ടാമനാണ്. ബിജെപി നേതൃത്വത്തില്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റ് ദിവസങ്ങള്‍ക്കുളളിലാണ് അജിത് പവാര്‍ ഉദ്ദവ് സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായത്. ഇതുകൂടാതെ എന്‍സിപിയിലെ 6 മന്ത്രിമാരും പ്രമുഖ കുടുംബങ്ങളില്‍ നിന്നാണ്. അദിതി താക്കറെ, ധനഞ്ജയ് മുണ്ടെ, പ്രജാക്ത് താന്‍പൂര്‍ തുടങ്ങിയവരാണ് അവരില്‍ ചിലര്‍.
15 മന്ത്രിമാരുള്ള ശിവസേനയാണ് മക്കള്‍ രാഷ്ട്രീയം പയറ്റിയവരില്‍ പിന്നില്‍. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മകന്‍ ആദിത്യ താക്കറെ കൂടാതെ മറ്റൊരാള്‍ മാത്രമാണ് ഈ വിഭാഗത്തില്‍ പെടുന്നവര്‍.
തങ്ങള്‍ ചെയ്യുന്നതെല്ലാം പരസ്യമാണെന്നും ഒന്നും ഒളിച്ചുവയ്‌ക്കേണ്ട ആവശ്യമില്ലെന്നും ഉദ്ദവ് ഇതേ കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പുതിയ മന്ത്രിസഭ വികസനം നിരവധി പേരെ നിരാശരാക്കിയിട്ടുണ്ട്. ഒരു കോണ്‍ഗ്രസ് നേതാവിന്റെ അനുയായികള്‍ മന്ത്രിസഭയില്‍ ഇടം ലഭിക്കാത്തതിന്റെ പേരില്‍ പാര്‍ട്ടി ഓഫിസ് തല്ലിത്തകര്‍ത്തിരുന്നു.