ഉദ്ദവ് താക്കറെ 18ാമത് മഹാരാഷ്ട്ര മുഖ്യമന്ത്രി; ആറു മന്ത്രിമാരും ചുമതലയേറ്റു
മുംബൈ: സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അട്ടിമറികള്‍ക്കൊടുവില്‍ മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ശിവസേന അധ്യക്ഷന്‍ ഉദ്ദവ് താക്കറെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യ(മഹാ വികാസ് അഖാഡി)ത്തിന്റ നേതാവായാണ് ഉദ്ദവ് സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന സ്ഥാപക നേതാവ് ബാല്‍ താക്കറെയെ സംസ്‌കരിച്ച ശിവജി പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രീയരംഗത്തെ പ്രമുഖരായ ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ് നാവിസ്, കോണ്‍ഗ്രസ് നേതാക്കളായ അഹ് മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കപില്‍ സിബല്‍, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍, എംഎന്‍എസ് നേതാവും ഉദ്ദവിന്റെ പിതൃസഹോദര പുത്രനുമായ രാജ് താക്കറെ, ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പം വ്യവസായി മുകേഷ് അംബാനി, ഭാര്യ നിത അംബാനി തുടങ്ങിയവര്‍ പങ്കെടുത്തു. എഐസിസി ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധി, മുന്‍ പ്രസിഡന്റ് രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് എന്നിവര്‍ ആശംസാ സന്ദേശമയച്ചു.
ഗവര്‍ണര്‍ ഭഗത് സിങ് കോശിയാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതോടൊപ്പം ശിവസേനയിലെ ഏക് നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായ്, എന്‍ സിപിയിലെ ഛഗന്‍ ഭുജ്ബല്‍, ജയന്ത് പാട്ടീല്‍, കോണ്‍ഗ്രസിലെ ബാലാ സാഹെബ് തൊറാത്ത്, ഡോ. നിതിന്‍ റാവത്ത് എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനുശേഷം ആദ്യ മന്ത്രിസഭയോഗവും നടന്നു. സത്യപ്രതിജ്ഞാ ചടങ്ങിനു മുമ്പ് പൊതുമിനിമം പദ്ധതി ത്രികക്ഷി സഖ്യം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചിരുന്നു. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും, സര്‍ക്കാര്‍ ജോലികളില്‍ നാട്ടുകാര്‍ക്ക് 80 ശതമാനം സംവരണം, വിള ഇന്‍ഷുറന്‍സ്, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കും തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയിലുണ്ടായിരുന്നത്.