തുര്‍ക്കിയില്‍ ഭൂചലനം: കെട്ടിടങ്ങള്‍ തകര്‍ന്നു

കടല്‍ക്ഷോഭം കാരണം ഇസ്മിറിലെ തെരുവുകളിലൂടെ വെള്ളം ഒഴുകുന്നതായും മാധ്യമങ്ങളിലുണ്ട്. എന്നാല്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Update: 2020-10-30 13:36 GMT

ഇസ്താംബുള്‍: പടിഞ്ഞാറന്‍ തുര്‍ക്കി തീരത്ത് വെള്ളിയാഴ്ച 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. മധ്യ ഇസ്മിറിലെ ബഹുനില കെട്ടിടം തകര്‍ന്നതിന്റെ ദൃശ്യങ്ങള്‍ തുര്‍ക്കി മാധ്യമങ്ങള്‍ കാണിച്ചു. കടല്‍ക്ഷോഭം കാരണം ഇസ്മിറിലെ തെരുവുകളിലൂടെ വെള്ളം ഒഴുകുന്നതായും മാധ്യമങ്ങളിലുണ്ട്. എന്നാല്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

ഇസ്മിര്‍ പ്രവിശ്യയില്‍ തകര്‍ന്ന ആറ് കെട്ടിടങ്ങളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടുണ്ടെന്ന് തുര്‍ക്കി ആഭ്യന്തര മന്ത്രി സുലൈമാന്‍ സോയ്ലു ട്വിറ്ററില്‍ കുറിച്ചു. തകര്‍ന്ന അഞ്ച് കെട്ടിടങ്ങളെക്കുറിച്ച് അറിയാമെന്ന് പരിസ്ഥിതി മന്ത്രി മുറാത് കുറും പറഞ്ഞു. ''ഞങ്ങളുടെ ചില പൗരന്മാര്‍ അവശിഷ്ടങ്ങളില്‍ കുടുങ്ങിയിരിക്കുന്നു,'' അദ്ദേഹം പറഞ്ഞു. തുര്‍ക്കിയുടെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് പ്രസിഡന്‍സി (എ.എഫ്.എ.ഡി) ഭൂകമ്പത്തിന്റെ വ്യാപ്തി 6.6 ആണെന്ന് അറിയിച്ചു. 11:50 GMT സമയത്ത് തുര്‍ക്കിയുടെ ഈജിയന്‍ തീരത്തും വടക്കുപടിഞ്ഞാറന്‍ മേഖലയിലും ഇത് അനുഭവപ്പെട്ടുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു.

ഇസ്മിര്‍ പ്രവിശ്യയുടെ തീരത്ത് നിന്ന് 16 കിലോമീറ്റര്‍ താഴ്ചയില്‍ 17 കിലോമീറ്റര്‍ അകലെയായിരുന്നു പ്രഭവകേന്ദ്രം. ആഴം 10 കിലോമീറ്റര്‍ ആണെന്നും പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റര്‍ അകലെയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.

കിഴക്കന്‍ ഗ്രീക്ക് ദ്വീപുകളിലും ഗ്രീക്ക് തലസ്ഥാനമായ ഏഥന്‍സിലും ഭൂകമ്പം അനുഭവപ്പെട്ടു. സമോസിലെയും മറ്റ് ദ്വീപുകളിലെയും താമസക്കാര്‍ വീടുകളില്‍ നിന്ന് ഓടിപ്പോയതായും ഗ്രീക്ക് മാധ്യമങ്ങള്‍ അറിയിച്ചു. 45,000ത്തോളം ജനസംഖ്യയുള്ള ഒരു ദ്വീപായ സമോസിലെ നിവാസികളോട് തീരപ്രദേശങ്ങളില്‍ നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു. മേഖലയില്‍ സുനാമിയും സംഭവിച്ചിട്ടുണ്ട്.

Tags:    

Similar News