മുന്നാക്ക സാമ്പത്തിക സംവരണ ബില്‍ ഭരണഘടന അടിസ്ഥാന തത്വങ്ങള്‍ക്കെതിര്: ജസ്റ്റിസ് ബി കെമാല്‍ പാഷ
ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന സംഘടനാ നേതാക്കള്‍ക്കെതിരെ പൊതുജനം കേസ് നല്‍കണം. കേരളത്തിലെ കോടതികളില്‍ നേതാക്കള്‍ കയറിയിറങ്ങി നടക്കട്ടെ. അപ്പോള്‍ ഹര്‍ത്താലിന്റെ മറവിലുളള അക്രമം കാലക്രമേണ ഇല്ലാതാകുമെന്നും ബി കമാല്‍ പാഷ പറഞ്ഞു.
റിയാദ്: മുന്നാക്ക സാമ്പത്തിക സംവരണ ബില്‍ ഭരണഘടന അടിസ്ഥാന തത്വങ്ങള്‍ക്കെതിരാണന്നു ഹൈക്കോടതി മുന്‍ ജഡ്ജ് കെമാല്‍ പാഷ റിയാദില്‍ അഭിപ്രായപ്പെട്ടു. സ്ത്രീ പുരുഷ സമത്വം നേടുന്നതിന് തെരുവില്‍ സമരം ചെയ്യുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. ഹര്‍ത്താലിനെതിരെ പുതിയൊരു നിയമ നിര്‍മാണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി മലയാളി ഫെഡറേഷന്‍ റിയാദ് സെന്‍ട്രല്‍ കമ്മറ്റി മൂന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച 'നിയമ ഇടപെടലുകളും സാമൂഹിക വ്യതിയാനങ്ങളും' മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൗരന്റെ മൗലികാവകാശങ്ങള്‍ തടയാന്‍ ഒരാള്‍ക്കും സാധ്യമല്ല. ഹര്‍ത്താലിന്റെ മറവില്‍ സഞ്ചാര സ്വാതന്ത്രവും ജോലി ചെയ്യാനുളള അവകാശവും നിഷേധിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണം. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന സംഘടനാ നേതാക്കള്‍ക്കെതിരെ പൊതുജനം കേസ് നല്‍കണം. കേരളത്തിലെ കോടതികളില്‍ നേതാക്കള്‍ കയറിയിറങ്ങി നടക്കട്ടെ. അപ്പോള്‍ ഹര്‍ത്താലിന്റെ മറവിലുളള അക്രമം കാലക്രമേണ ഇല്ലാതാകുമെന്നും ബി കമാല്‍ പാഷ പറഞ്ഞു. ഗാര്‍ഹിക പീഡന നിരോധന നിയമം, ഭൂപരിഷ്‌ക്കരണ നിയമം, മുണ്ടശ്ശേരി മാഷിന്റെ വിദ്യാഭ്യാസ ബില്ല് എന്നിവ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ ആണ് വരുത്തിയത്. മദനിയോട് കാണിക്കുന്നത് നീതി നിഷേധം തന്നെയാണന്നും വിചാരണ നീണ്ടു പോകുന്നത് മനുഷ്യാവകാശ ലംഘനവുമാണ്.
പദവികളില്‍ ആഗ്രഹങ്ങളില്ലാത്തതിനാല്‍ കാര്യങ്ങള്‍ വെട്ടി തുറന്നു പറയാന്‍ തനിക്കൊരു മടിയുമില്ലെന്ന് അദ്ദേഹം പറഞ്ഞു. റിയാദിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ സമൂഹത്തിന്റെ പ്രതിനിതികള്‍ പങ്കെടുത്ത സെമിനാര് മൂന്നര മണിക്കൂര്‍ നീണ്ടു. പിഎംഎഫ് ഗ്ലോബല്‍ പ്രസിഡന്റ് റാഫി പാങ്ങോട്അധ്യക്ഷത വഹിച്ചു. വി ജെ നസ്‌റുദ്ധിന്‍ മോഡറേറ്റര്‍ ആയിരുന്നു. പ്രോഗ്രാം കോഡിനേറ്റര്‍ ഷിബു ഉസ്മാന്, ജനറല്‍ സെക്രട്ടറി അലോഷ്യസ് വില്യം, ജോണ്‍സണ്‍ മാര്‍ക്കോസ് സംസാരിച്ചു. റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകര്ക്കുള്ള പിഎംഎഫ് സൗദി നാഷണല്‍ കമ്മിറ്റിയുടെ സംഘടനാ രക്ഷാധികാരി കൂടിയായ ജസ്റ്റിസ് കെമാല്‍ പാഷയുടെ കൈയ്യൊപ്പോടെയുള്ള ഉപഹാരങ്ങളും റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ക്കുള്ള ഉപഹാരങ്ങളും ജസ്റ്റിസ് കെമാല്‍ പാഷ വിതരണം ചെയ്തു. പരിപാടിക്ക് ഷാജഹാന്‍ ചാവക്കാട്, മുജീബ് കായംകുളം, രാജു പാലക്കാട്, ബിനു കെ തോമസ്, അസ്‌ലം പാലത്ത്, സലിം വലിലപ്പുഴ, രാജേഷ് പറയങ്കുളം,നസീര്‍ തൈക്കണ്ടി, റസല്‍, ജിബിന്‍ സമദ്, നാസര്‍ മുക്കം, രാധാകൃഷ്ണന്‍ പാലത്ത്, ജലീല്‍ ആലപ്പുഴ, സമീര്‍ റൈബാക്ക്, ജോബി നേതൃത്വം നല്‍കി .