1000 കോടിയുടെ ഇടപാട് : റോബര്‍ട്ട് വദ്രയുടെ ബിസിനസ് പങ്കാളിയായ മലയാളി വ്യവസായി അറസ്റ്റില്‍

റോബര്‍ട്ട് വദ്രയുമായുളള 19 ലക്ഷം പൗണ്ടിന്റെ ഇടപാടില്‍ തമ്പിക്ക് പങ്കുളളതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

Update: 2020-01-20 05:38 GMT

ന്യൂഡല്‍ഹി: റോബര്‍ട്ട് വദ്രയുടെ ബിസിനസ് പങ്കാളിയും മലയാളി പ്രവാസി വ്യവസായിയുമായ സി സി തമ്പി അറസ്റ്റില്‍. വദ്രയുടെ വിദേശ സ്വത്തുക്കള്‍ സംബന്ധിച്ച അന്വോഷണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തത്. കൂടാതെ 1000 കോടിയുടെ ഇടപാടില്‍ വിദേശ വിനിമയ ചട്ടങ്ങള്‍ ലംഘിച്ചതിനെതിരെയും കേസടുത്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് അറസ്റ്റ് ചെയ്തത്. വദ്രയുമായി ബന്ധപ്പെട്ട ഭൂമിയിടപാടില്‍ നിരവധി തവണ തമ്പിയെ ചോദ്യം ചെയ്തിരുന്നു.

ദുബയിലെ ഹോളിഡെയ്‌സ് ഗ്രൂപ്പ് ചെയര്‍മാനാണ് തമ്പി. നേരത്തെ നടത്തിയ ചോദ്യം ചെയ്യലില്‍ ദുബയില്‍ 14 കോടി രൂപയുടെ ഒരു വില്ല റോബര്‍ട്ട് വദ്ര വാങ്ങിയതില്‍ താന്‍ ഇടപെട്ടിരുന്നെന്നും  സഹായം ചെയ്തു കൊടുത്തിരുന്നെന്നും സി സി തമ്പി വെളിപ്പെടുത്തിയിരുന്നു. ലണ്ടനില്‍ റോബര്‍ട്ട് വദ്രയ്ക്കായി വസ്തുവകകള്‍ വാങ്ങുന്നതിനും സഹായിച്ചതായി മൊഴി നല്‍കിരുന്നു.

സി സി തമ്പിക്ക് പുറമേ ഹോളിഡേ ഗ്രൂപ്പിന്റെ കീഴിലുളള 3 കമ്പനികളും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നിരീക്ഷണത്തിലായിരുന്നു. ഹോളിഡേ സിറ്റി സെന്റര്‍, ഹോളിഡേ പ്രോപ്പര്‍ട്ടീസ്, ഹോളിഡേ ബേക്കല്‍ റിസോര്‍ട്ട്‌സ് എന്നിവ കേന്ദ്രീകരിച്ചുളള പണമിടപാടുകളാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നിരീക്ഷിച്ചു വരുന്നത്. വിദേശ വിനിമയ ചട്ടങ്ങള്‍ അനുസരിച്ച് 1000 കോടിയുടെ ഇടപാടുകളാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണപരിധിയിലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിലെ വൈരുധ്യങ്ങളെ തുടര്‍ന്നാണ് സി സി തമ്പിയുടെ അറസ്റ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. റോബര്‍ട്ട് വദ്രയുമായുളള 19 ലക്ഷം പൗണ്ടിന്റെ ഇടപാടില്‍ തമ്പിക്ക് പങ്കുളളതായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.


Tags:    

Similar News