ഇ ഡി കേസ്; സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി

ഈ കേസില്‍ സിദ്ധിഖ് കാപ്പനൊപ്പം ഉണ്ടായിരുന്ന ആലമിന് ലഖ്‌നൗ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു.

Update: 2022-10-31 11:51 GMT

ന്യൂഡല്‍ഹി: ഇ ഡി കേസില്‍ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. ലഖ്‌നൗ ജില്ലാ കോടതിയുടേതാണ് നടപടി. യുഎപിഎ കേസില്‍ സുപ്രിംകോടതി നേരത്തെ കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. ഇ ഡി കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ കാപ്പന് ജയില്‍ മോചിതനാവാന്‍ കഴിഞ്ഞില്ല. അതേ സമയം ഈ കേസില്‍ സിദ്ധിഖ് കാപ്പനൊപ്പം ഉണ്ടായിരുന്ന ആലമിന് ലഖ്‌നൗ ജില്ലാ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഉത്തര്‍പ്രദേശ് പോലിസ് ചുമത്തിയ ഹഥറാസ് ഗൂഢാലോചന കേസില്‍ പ്രതിയെന്നാരോപിച്ച് കാപ്പാന്‍ രണ്ട് വര്‍ഷത്തോളമായി ജയിലിലാണ്. അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് യുഎപിഎ കേസില്‍ കാപ്പന്‍ ജാമ്യം തേടി സുപ്രിം കോടതിയെ സമീപിച്ചത്.


നിലവില്‍ ഉത്തര്‍പ്രദേശിലെ മഥുര സെന്‍ട്രല്‍ ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. ഹാഥ്റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മാധ്യമപ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂനിയന്‍ ഡല്‍ഹി ഘടകം മുന്‍ സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെ യുപി പോലിസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് യുഎപിഎ അടക്കമുള്ള കടുത്ത നിയമങ്ങള്‍ ചുമത്തുകയായിരുന്നു. പിന്നീട് ഇഡിയും കേസെടുത്തു. രണ്ടുവര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയായിരുന്നു ജാമ്യം.





Tags:    

Similar News