കൊച്ചി: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. സ്വത്ത് കണ്ടുകെട്ടിയത് ഉള്‍പ്പെടെ എല്ലാ നടപടികളും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ റദ്ദാക്കി. അഴീക്കോട് ഹൈ സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം കെ എം ഷാജിക്കെതിരേ ഇഡി കേസെടുത്തിരുന്നത്. തുടര്‍ന്ന് ഷാജിയുടെ ഭാര്യ ആശയുടെ പേരിലുള്ള കോഴിക്കോട്ടെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കോഴിക്കോട് ചേവായൂര്‍ മാലൂര്‍കുന്നിലെ ഷാജിയുടെ വീടിനോടുചേര്‍ന്ന സ്ഥലത്തിനെതിരെയായിരുന്നു നടപടി. ഈ കേസിലാണ് കെ എം ഷാജിക്ക് ഇപ്പോള്‍ അനുകൂല വിധിയുണ്ടായിരിക്കുന്നത്. നേരത്തേ, അനധികൃത സ്വത്ത് സമ്പാദനം ആരോപിച്ച് ഷാജിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. പ്രാദേശിക സിപിഎം നേതാവിന്റെ പരാതിയില്‍ വിജിലന്‍സ് കോടതി നിര്‍ദേശപ്രകാരമാണ് വിജിലന്‍സ് കേസെടുത്തിരുന്നത്. നേരത്തേ പ്ലസ്ടു കോഴക്കേസിലും ഷാജിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കിയിരുന്നു.