ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യാപേക്ഷ ലഖ്‌നോ ജില്ലാ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ രാജു കേസില്‍ ഹാജരാവണമെന്ന ഇഡിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് കേസ് കഴിഞ്ഞ തവണ മാറ്റിയത്. യുഎപിഎ കേസില്‍ സുപ്രിംകോടതി ജാമ്യം അനുവദിച്ച കാപ്പന് ഇഡി കേസില്‍ കൂടി ജാമ്യം ലഭിക്കാതെ പുറത്തിറങ്ങാനാവില്ല. നിലവില്‍ ഉത്തര്‍പ്രദേശിലെ മഥുര സെന്‍ട്രല്‍ ജയിലിലാണ് സിദ്ദിഖ് കാപ്പനുള്ളത്. സപ്തംബര്‍ 9നാണ് കാപ്പന് സുപ്രിംകോടതി ജാമ്യം നല്‍കിയത്.
ദലിത് പെണ്‍കുട്ടിയെ സവര്‍ണര്‍ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം റിപോര്‍ട്ട് ചെയ്യാന്‍ ഹാഥ്‌റസിലേക്ക് പോവുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് മലയാളി മാധ്യപ്രവര്‍ത്തകനും കെയുഡബ്ല്യുജെ ഡല്‍ഹി യൂനിറ്റ് സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. കാംപസ് ഫ്രണ്ട് ദേശീയ ഖജാഞ്ചി അതീഖുര്‍റഹ്മാന്‍, മസൂദ്, ഓലെ കാബ് ഡ്രൈവര്‍ ആലം എന്നിവരെയും കാപ്പനോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്ന് പ്രദേശത്തെ സൗഹാര്‍ദ്ദം തകര്‍ക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇവര്‍ ഹാഥ്‌റസിലേക്ക് പോയതെന്ന കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുഎപിഎ, രാജ്യദ്രോഹം, ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ തുടങ്ങിയ കടുത്ത വകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു. രണ്ടുവര്‍ഷത്തോളം ജയിലിലടച്ച ശേഷം കഴിഞ്ഞ മാസം കാപ്പന്‍ കൂടി സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന കാബ് ഡ്രൈവര്‍ ആലമിന് സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ദീഖ് കാപ്പനും സുപ്രിംകോടതി ജാമ്യം അനുവദിക്കുന്നത്.