സ്വര്‍ണക്കടത്ത് കേസിലെ ഇഡി ഹരജി; സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കും

Update: 2022-11-28 10:03 GMT

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹരജിയില്‍ സുപ്രിംകോടതി വിശദമായ വാദം കേള്‍ക്കും. വിചാരണക്കോടതിയിലെ നടപടികളുടെ പുരോഗതി അറിഞ്ഞശേഷം വാദം കേള്‍ക്കുന്ന തിയ്യതി അറിയിക്കുമെന്നും കോടതി പറഞ്ഞു. സ്വര്‍ണക്കടത്ത് കേസിലെ വിചാരണ നടപടികള്‍ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് ഇഡി സുപ്രിംകോടതിയെ സമീപിച്ചത്. അസാധാരണമായ സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രമാണ് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേയ്ക്ക് കേസ് മാറ്റുകയെന്ന് കോടതി പറഞ്ഞു. ഈ രണ്ട് സംസ്ഥാനങ്ങളിലും വ്യത്യസ്ത പാര്‍ട്ടികളാണ് ഭരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ വിഷയങ്ങളുണ്ട്. കേസ് മാറ്റുന്നതില്‍ പ്രയോഗിക ബുദ്ധിമുട്ടുണ്ട്.

അസാധാരണമായ സാഹചര്യത്തിലാണ് വിചാരണമാറ്റം അംഗീകരിക്കുക. നിയമവ്യവസ്ഥയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ട് വിഷയമാണിത്. അതുകൊണ്ട് വിശദമായി പരിശോധിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവൂ എന്നും ന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിചാരണ ബംഗുളൂരുവിലേക്ക് മാറ്റണമെന്ന ഇഡി ആവശ്യത്തില്‍ ധൃതിപിടിച്ചൊരു തീരുമാനത്തില്ലെന്ന് വ്യക്തമാക്കുകയാണ് കോടതി ചെയ്തിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുമായി കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും അതിനാല്‍ വിചാരണ നടപടികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇഡി കോടതിയെ സമീപിച്ചത്.

Tags:    

Similar News