എണ്‍പതാം വയസ്സിലും മാളക്കാരനായ എടാട്ടുക്കാരന്‍ ഇ ടി ജോര്‍ജ്ജിന് പഠനം ആവേശം
മാള: എണ്‍പതാം വയസ്സിലും മാളക്കാരനായ എടാട്ടുക്കാരന്‍ ഇ ടി ജോര്‍ജ്ജിന് പഠനം ആവേശമാണ്. ബി എ ചരിത്രം വിദ്യാര്‍ത്ഥിയായ ജോര്‍ജ് രണ്ടാം സെമസ്റ്റര്‍ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്. മാളയിലെ സെന്റ് ജോസഫ് കോളേജിലാണ് ജോര്‍ജ്ജ് ബിരുദ കോഴ്‌സിന് ചേര്‍ന്നത്. മികച്ച നിലയില്‍ പ്ലസ് ടു പാസ്സായതിന്റെ പിന്നാലെയാണ് ബിരുദം നേടണമെന്ന ആഗ്രഹമുണ്ടായത്. പിന്നെ സമയം കളയാതെ ബിരുദ കോഴ്‌സിന് ചേരുകയായിരുന്നു.
എല്ലാ ദിവസവും ക്ലാസില്‍ പോകാറില്ലെങ്കിലും വീട്ടിലിരുന്ന് പേരക്കുട്ടികളായ ജീവന്റെയും ജോവന്റെയും സഹായത്തോടെ സംശയങ്ങള്‍ തീര്‍ത്ത് പഠിക്കും. പ്രധാനമായി പൊതുവിജ്ഞാനം, ഇംഗ്ലീഷ് എന്നിവയിലെ സംശയങ്ങളാണ് പേരക്കുട്ടികളോട് ചോദിച്ച് തീര്‍ക്കുന്നത്. ഇപ്പോള്‍ മാള കാര്‍മ്മല്‍ കോളേജിലെ സെന്ററിലാണ് രണ്ടാം സെമസ്റ്റര്‍ പരീക്ഷ എഴുതുന്നത്. ഇംഗ്ലീഷ് ഒഴികെയുള്ള വിഷയങ്ങളെല്ലാം മലയാളത്തിലാണ് എഴുതുന്നത്.
കണ്ണിന് ശസ്ത്രക്രിയ വേണ്ടി വന്നതിനാല്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതാനായില്ലെങ്കിലും വൈകാതെ അതും എഴുതിയെടുക്കാനുള്ള ഒരുക്കത്തിലാണ്. ഈ പ്രായത്തിലും ഒന്നര കിലോമീറ്ററോളമുള്ള കോളേജിലേക്ക് നടന്നു പോകാറാണ് പതിവ്. കുരുവിലശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍ സെയില്‍സ് കം മാനേജരായി ജോലി ചെയ്യുമ്പോള്‍ 39ാം വയസ്സില്‍ പത്താംക്ലാസ് തുല്യതാപരീക്ഷ എഴുതിത്തോറ്റു. പിന്നീട് 2015 ല്‍ തുല്യതാ കോഴ്‌സിലൂടെ പത്താം ക്ലാസ് വിജയിച്ചു.
2020 ല്‍ പ്ലസ്റ്റു തുല്യതാ ക്ലാസ്സും പാസായി. തുടര്‍ന്നാണ് ബിരുദം നേടണമെന്ന ആഗ്രഹത്തില്‍ സ്വകാര്യ കോളേജില്‍ ബിഎക്ക് ചേര്‍ന്നത്. വക്കീലായ മകന്‍ ജി കിഷോര്‍കുമാറും ഗ്രാമപഞ്ചായത്തില്‍ ജോലി ചെയ്യുന്ന മരുമകള്‍ നിഷയും പേരക്കുട്ടികളും പഠനത്തിന് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് ജോര്‍ജ്ജ് പറയുന്നു.