പീഡന പരാതി; എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ യുവതിയെ കോവളത്തെത്തിച്ച കാര്‍ കസ്റ്റഡിയില്‍
തിരുവനന്തപുരം: ബലാല്‍സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എ പരാതിക്കാരിയെ കോവളത്തെത്തിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. എല്‍ദോസിന്റെ സുഹൃത്ത് ജിഷ്ണുവിന്റെ കാറാണ് ജില്ലാ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. യുവതിയുടെ വാടകവീട്ടില്‍ വരാന്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ സ്ഥിരമായി ഉപയോഗിക്കുന്നത് സുഹൃത്ത് ജിഷ്ണുവിന്റെ കാറാണ്. ഈ കാറിലാണ് പരാതിയില്‍ പറയുന്ന ദിവസം യുവതിയെ കോവളത്ത് എത്തിച്ചതും ആക്രമിച്ചതുമെന്നാണ് പോലിസ് പറയുന്നത്. ജിഷ്ണുവിന് നോട്ടീസ് നല്‍കിയാണ് കാര്‍ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിനോട് എല്‍ദോസ് സഹകരിക്കുന്നില്ലെന്നാണ് അന്വേഷണസംഘം ആവര്‍ത്തിക്കുന്നത്.
സാക്ഷിമൊഴികളും എംഎല്‍എയുടെ മൊഴികളുമായി വൈരുധ്യമുണ്ടെന്ന് അന്വേഷണസംഘം അറിയിച്ചു. സംഭവസമയം ഒപ്പമുണ്ടായിരുന്ന പിഎയുടെ മൊഴിയും എംഎല്‍എയുടെ മൊഴിയുമായി വൈരുധ്യമുണ്ട്. അതിനാല്‍, മൊഴികള്‍ വീണ്ടും വിശദമായി പരിശോധിക്കണമെന്നും പോലിസ് പറയുന്നു. ഇക്കാര്യങ്ങള്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. ഇതോടൊപ്പം വഞ്ചിയൂര്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിശദാംശങ്ങളും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടും.
അതേസമയം, അഭിഭാഷകര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ അഭിഭാഷകര്‍ ഇന്ന് കോടതി ബഹിഷ്‌കരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ എല്‍ദോസിനെ യുവതിയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വരുംദിവസങ്ങളില്‍ പെരുമ്പാവൂരിലെയും കളമശ്ശേരിയിലെയും വീട്ടിലെത്തിച്ച് തെളിവെടുക്കാനാണ് നീക്കം. അതേസമയം, കേസില്‍ തങ്ങള്‍ക്കെതിരേ കേസെടുത്തത്തില്‍ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് അഭിഭാഷകര്‍. എല്‍ദോസിന്റെ അഭിഭാഷകന്‍ കുറ്റിയാണി സുധീര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആദ്യഘട്ടമായാണ് ഇന്ന് കോടതി ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്.