വാര്‍ത്തയെന്ന മട്ടില്‍ ബിജെപിയുടെ പരസ്യം നല്‍കിയ എട്ട് അസം പത്രങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്

Update: 2021-03-31 07:06 GMT

ന്യൂഡല്‍ഹി: വാര്‍ത്തയെന്ന മട്ടില്‍ ബിജെപിയുടെ പരസ്യം നല്‍കിയ എട്ട് വാര്‍ത്താമാധ്യമങ്ങള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചു. ബിജെപിക്ക് തിരഞ്ഞെടുപ്പ് നടന്ന 47 മണ്ഡലങ്ങളിലും ഭൂരിപക്ഷം ലഭിക്കുമെന്ന ശീര്‍ഷകത്തോടെ പരസ്യം പ്രസിദ്ധീകരിച്ചതിന് വിശദീകരണം ആവശ്യപ്പെട്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചത്. കോണ്‍ഗ്രസ് നല്‍കിയ പരാതിയിലാണ് നടപടി.

അസമീസ് ട്രീബ്യൂണ്‍, അസോമിയ അസം ട്രിബ്യൂണ്‍, അസമീസ് ഡെയ്‌ലി, മൈ അസം, റെഗുലര്‍ മെസേജ്, ആസാമീസ് ന്യൂസ്, ഡെയ്‌ലി അസം, ഡെയ്‌ലി യുഗ്ഷാങ്ക് & ഡെയ്‌ലി പര്‍ഭോദയ തുടങ്ങി ഇംഗ്ലീഷ്, അസമീസ്, ഹിന്ദി, ബംഗാളി തുടങ്ങിയ വിവിധ ഭാഷകളില്‍ ഇറങ്ങുന്നവയാണ് നോട്ടിസ് ലഭിച്ച എട്ട് പത്രങ്ങളും.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ച് കഴിഞ്ഞ ദിവസം പത്രങ്ങള്‍ക്കെതിരേ കോണ്‍ഗ്രസ് പരാതി അയച്ചിരുന്നു. മാതൃകാ പെരുമാറ്റച്ചട്ടം, ജനപ്രതിനിധി ആക്റ്റ്, 1951 തുടങ്ങിയവ ലംഘിച്ചുവെന്നാണ് പരാതി. തിങ്കളാഴ്ച രാത്രി ഏഴ് മണിക്കുമുമ്പ് നോട്ടിസിന് മറുപടി അയക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ നിതിന്‍ ഖാഡെ ആവശ്യപ്പെട്ടിട്ടുള്ളത്. പത്രങ്ങളോട് അവരുടെ മറുപടി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പത്രങ്ങള്‍ക്കു പുറമെ ബിജെപി അസം യൂനിറ്റ് നേതാക്കള്‍ക്കെതിരേയും മുഖ്യമന്ത്രി സര്‍ബാനന്ദ സോണോവാള്‍, പാര്‍ട്ടി പ്രസിഡന്റ് ജെ പി നദ്ദ, സംസ്ഥാന മേധാവി രന്‍ജീത് കുമാര്‍ ദാസ് എന്നിവര്‍ക്കെതിരേയും പരാതിപ്പെട്ടിട്ടുണ്ട്. ഞായറാഴ്ചയാണ് പത്രങ്ങള്‍ പരാതിക്കിടയാക്കിയ പരസ്യം പ്രസിദ്ധീകരിച്ചത്. പത്രങ്ങളുടെ ശീര്‍ഷകത്തോട് സാമ്യമുള്ള തരത്തിലായിരുന്നു പരസ്യം. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം സീറ്റിലും ബിജെപി വിജയിക്കുമെന്നാണ് വാര്‍ത്തയിലുണ്ടായിരുന്നത്.

ഞായഴ്ച വൈകീട്ട് ദിസ്പൂര്‍ പോലിസ് സ്‌റ്റേഷനിലും ഇതുസംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്.

പരസ്യം പ്രസിദ്ധീകരിച്ചത് മാതൃകാപെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണെന്നും മാധ്യമനയങ്ങള്‍ക്ക് എതിരാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച പരാതിയില്‍ പറയുന്നു. തങ്ങളുടെ പരാജയം ഉറപ്പിച്ചുകഴിഞ്ഞ ബിജെപി വിജയിക്കാനായി നിയമവിരുദ്ധമാര്‍ഗങ്ങള്‍ കൈക്കൊള്ളുകയാണെന്ന് കോണ്‍ഗ്രസ് നിയമവിഭാഗം ചെയര്‍മാന്‍ നിരന്‍ ബോറ പറഞ്ഞു.

Tags:    

Similar News