'പിഎം നരേന്ദ്രമോദി'ക്കെതിരേ ഹരജി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍മാതാക്കള്‍ക്ക് നോട്ടിസയച്ചു

Update: 2019-03-26 13:29 GMT

ന്യൂഡല്‍ഹി: പെരുമാറ്റ ചട്ടം ലംഘിക്കുന്നുവെന്നാരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രമായ പിഎം നരേന്ദ്രമോദിക്കെതിരേ നല്‍കിയ ഹരജിയില്‍ നിര്‍മാതാക്കള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസ് അയച്ചു. മാര്‍ച്ച് 30നകം സിനിമയുടെ നിര്‍മാതാക്കള്‍ വിശദീകരണം നല്‍കണമെന്നാണ് ഡല്‍ഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രണ്‍ബീര്‍ സിങ് അറിയിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ സിനിമയുടെ റിലീസ് നീട്ടി വയ്ക്കണമെന്നാവശ്യപെട്ടാണ് ഹരജി സമര്‍പ്പിച്ചിരുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറുകള്‍ സാമൂഹികമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിക്കണമെന്നും ഹരജിയില്‍ ആവശ്യപെട്ടിട്ടുണ്ട്.

ഏപ്രില്‍ 5നാണ് പിഎം നരേന്ദ്ര മോദിയുടെ റിലിസ് തീരുമാനിച്ചിരിക്കുന്നത്. ചിത്രം പുറത്ത ഇറങ്ങുന്നത് തിരഞെടുപ്പ് ചട്ട ലംഘനമാണെന്നാരോപിച്ച് കോണ്‍ഗ്രസ്സ് ഇന്നലെ തിരഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു.

ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മേരി കോം, സരബ്ജിത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത വ്യക്തിയാണ് ഒമംഗ് കുമാര്‍. സുരേഷ് ഒബറോയ്, സന്ദീപ് സിംഗ്, ആനന്ദ് പണ്ഡിറ്റ്, എന്നിവര്‍ ചേര്‍ന്ന് ലെജന്‍ഡ് ഗ്ലോബല്‍ സ്റ്റുഡിയോ, ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്‌ച്ചേഴ്‌സ് എന്നിവയുടെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് പിഎം നരേന്ദ്ര മോദി. വിവേക് ഒബ്‌റോയിയാണ് ചിത്രത്തില്‍ മോദിയായി വേഷം ചെയ്യുന്നത്.

Tags:    

Similar News