തിരഞ്ഞെടുപ്പ് തോല്‍വി: എം ലിജു ആലപ്പുഴ ഡിസിസി പ്രസിഡന്റ് പദവി രാജിവച്ചു
ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ലിജു സ്ഥാനം രാജിവച്ചന്നത്.
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ആലപ്പുഴ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് എം ലിജു രാജിവച്ചു. ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് ലിജു സ്ഥാനം രാജിവച്ചന്നത്.
ആലപ്പുഴയില്‍ ഹരിപ്പാട് മാത്രമാണ് കോണ്‍ഗ്രസിന് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്. എം ലിജു അമ്പലപ്പുഴയില്‍ മത്സരിച്ചെങ്കിലും തോല്‍വിയായിരുന്നു ഫലം. ഹരിപ്പാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിജയിച്ചത്. പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ലിജു വ്യക്തമാക്കി. രമേശ് ചെന്നിത്തലയടക്കമുള്ളവരുമായി ആലോചിച്ചാണ് രാജി തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.
നേരത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20ല്‍ 19 സ്ഥലത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ആലപ്പുഴയില്‍ ഷാനി മോള്‍ ഉസ്മാന്‍ തോറ്റതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലിജു രാജി സന്നദ്ധത അറിയിച്ചിരുന്നു. നേതൃത്വം വേണ്ടെന്ന് പറഞ്ഞതോടെ അദ്ദേഹം അന്ന് തീരുമാനം മാറ്റുകയായിരുന്നു.
എന്നാല്‍ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി നിന്ന് തോല്‍വി നേരിട്ടതോടെയാണ് ലിജു സ്ഥാനം ഒഴിയാന്‍ തീരുമാനിച്ചത്.