പൊതുതിരഞ്ഞെടുപ്പ് : തൃശ്ശൂരില്‍ മീഡിയ സെന്ററും മാധ്യമ നീരീക്ഷണ കേന്ദ്രവും പ്രവര്‍ത്തനമാരംഭിച്ചു
തൃശ്ശൂര്‍: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാധ്യമ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനുമുള്ള മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി ഓഫിസും ജില്ലാതല മീഡിയ സെന്ററും കലക്ടറേറ്റില്‍ പ്രവര്‍ത്തനം തുടങ്ങി. റൂറല്‍ എസ് പി ജി പൂങ്കുഴലി ഉദ്ഘാടനം നിര്‍വഹിച്ചു. കലക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ സെല്ലില്‍ വിവിധ ദൃശ്യ, ശ്രവ്യ, പത്ര മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നിരീക്ഷിക്കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ് മീഡിയ സെല്‍. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ആര്‍ ഡി ഒ എന്‍ കെ കൃപ, അക്ഷയ ജില്ലാ പ്രൊജക്റ്റ് മാനേജര്‍ മെവിന്‍ വര്‍ഗീസ്, യു എന്‍ ഐ സീനിയര്‍ ജേര്‍ണലിസ്റ്റ് മോഹന്‍ദാസ് പാറപ്പുറത്ത്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ എന്നിവര്‍ അടങ്ങുന്ന 5 അംഗ സമിതിയാണ് എം സി എം സി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങളുടെ പ്രീസര്‍ട്ടിഫിക്കേഷന്‍,പണമടച്ചുള്ള വാര്‍ത്തകളുടെ നിരീക്ഷണം, തിരഞ്ഞെടുപ്പ് പ്രക്രിയയുമായി ബന്ധപ്പെട്ട മാധ്യമ റിപ്പോര്‍ട്ടുകളിലെ നിയമലംഘനങ്ങള്‍ നിരീക്ഷിക്കല്‍ എന്നിവയാണ് എം സി എം സി യുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന എല്ലാ രാഷ്ട്രീയ പരസ്യങ്ങളും തിരഞ്ഞെടുപ്പ് സമയത്ത് ഈ കമ്മിറ്റി (എംസിഎംസി) മുന്‍കൂട്ടി സാക്ഷ്യപ്പെടുത്തണം. വോട്ടെടുപ്പ് ദിവസത്തിലും പോളിംഗിന് ഒരു ദിവസം മുമ്പും അച്ചടി മാധ്യമ പരസ്യങ്ങളും പ്രീസര്‍ട്ടിഫിക്കറ്റ് ചെയ്യണം. മോഡല്‍ പെരുമാറ്റച്ചട്ടത്തിന്റെ (എംസിഎംസി) അടിസ്ഥാന തത്വം ഉള്‍കൊണ്ട് ഈ കമ്മിറ്റി പരസ്യങ്ങള്‍ പരിശോധിക്കും. ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ, തിരഞ്ഞെടുപ്പ് ഡപ്യൂട്ടി കലക്ടര്‍ എം എച്ച് ഹരീഷ്, ഹുസൂര്‍ ശിരസ്തദാര്‍ കെ ജി പ്രാണ്‍സിംഗ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിജാസ് ജ്യുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.