89 യാത്രക്കാരുമായി തുര്‍ക്കിയില്‍ ലാന്റ് ചെയ്ത റഷ്യന്‍ വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
ഇസ്താംബൂള്‍: : തുര്‍ക്കിയിലെ അന്റാലിയയിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത റഷ്യന്‍ യാത്രാ വിമാനത്തിന് തീപിടിച്ചു. വിമാനത്തിലൂണ്ടായ 89 യാത്രക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായി റഷ്യന്‍ സ്റ്റേറ്റ് ഏജന്‍സി ടാസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ ജെറ്റിന്റെ എന്‍ജിന്‍ പൊട്ടിത്തെറിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അസിമുത്ത് എയര്‍ലൈന്‍സിന്റെ സുഖോയ് സൂപ്പര്‍ജെറ്റ് 100 വിമാനത്തിനാണ് തകരാര്‍ ഉണ്ടായത്.
റഷ്യയിലെ സോചിയില്‍ നിന്നും 89 യാത്രക്കാരും ആറ് ജീവനക്കാരുമായിട്ടാണ് വിമാനം അന്റാലിയയിലെത്തിയത്. പൈലറ്റിന്റെ അടിയന്തര സന്ദേശത്തെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു. അഗ്‌നിശമന സേന ഉടന്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കി.
ഏഴ് വര്‍ഷം പഴക്കമുള്ള വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിങ് സമയത്ത് പ്രതികൂല കാലാവസ്ഥ നിലനിന്നിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാശ്ചാത്യ ഉപരോധം കാരണം റഷ്യന്‍ വിമാനക്കമ്പനികള്‍ക്ക് വിമാനങ്ങള്‍ പരിപാലിക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുന്നു എന്ന ആശങ്കയും സംഭവത്തെ തുടര്‍ന്ന് ഉയര്‍ന്നിട്ടുണ്ട്.