തിരഞ്ഞെടുപ്പ് പെയ്ഡ് ന്യൂസ്: മാധ്യമ നിരീക്ഷണത്തിനു ആലപ്പുഴ ജില്ലയില്‍ പ്രത്യേക സമിതി
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരസ്യങ്ങള്‍ സര്‍ട്ടിഫൈ ചെയ്യാനും അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പണം നല്‍കി വാര്‍ത്തകള്‍( പെയ്ഡ് ന്യൂസ്) പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം / പ്രക്ഷേപണം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു പരിശോധിക്കാനും ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ അറിയിച്ചു.
ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് അലക്‌സ് ജോസഫ്, ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫിസര്‍ വി. അജി ജേക്കബ് കുര്യന്‍, ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫിസര്‍ എല്‍.സി. പൊന്നുമോന്‍, പ്രസ്‌ക്ലബ് പ്രസിഡന്റ് കെ യു ഗോപകുമാര്‍ എന്നിവര്‍ സമിതിയംഗങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എ. അരുണ്‍ കുമാര്‍ മെമ്പര്‍ സെക്രട്ടറിയുമാണ്.
ജില്ലാതലത്തില്‍ തിരഞ്ഞെടുപ്പ് പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനൊപ്പം പത്ര, ഇലക്ട്രോണിക് മാധ്യമങ്ങള്‍ നിരീക്ഷിക്കുകയും പരസ്യങ്ങള്‍, പെയ്ഡ് ന്യൂസ്, സ്ഥാനാര്‍ഥികളുമായും രാഷ്ട്രീയ കക്ഷികളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എന്നിവ റെക്കോര്‍ഡ് ചെയ്യുകയും ചെയ്യും. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലിരിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയപാര്‍ട്ടികളും കേബിള്‍ ചാനലുകള്‍, റേഡിയോ, സോഷ്യല്‍ മീഡിയ എന്നിവയടക്കമുള്ള ഇലക്ട്രോണിക് മാധ്യമങ്ങളും സിനിമ തിയേറ്ററുകളും വഴി പരസ്യങ്ങള്‍ സംപ്രേഷണം / പ്രക്ഷേപണം ചെയ്യുന്നതിനും പൊതുസ്ഥലങ്ങളില്‍ ശ്രവ്യ, ദൃശ്യ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും സമിതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം.
ഏതെങ്കിലും സ്ഥാനാര്‍ത്ഥിയെയോ രാഷ്ട്രീയ പാര്‍ട്ടിയെയോ പുകഴ്ത്തിയോ ഇകഴ്ത്തിയോ ഒന്നിലധികം പത്രങ്ങളില്‍ സമാനമായോ മിനുക്കുപണികളോടെയോ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകളും മറ്റും പെയ്ഡ് ന്യൂസിന്റെ ഗണത്തില്‍ ആണോ എന്ന് പരിശോധിക്കും. ഇലക്ട്രോണിക് മാധ്യമങ്ങളില്‍ സംപ്രേഷണം ചെയ്യപ്പെടുന്നവയും നിരീക്ഷിക്കും. ഇതുസംബന്ധിച്ച് സ്ഥാനാര്‍ഥിയോട് വിശദീകരണം തേടും. പെയ്ഡ് ന്യൂസ് ആണെന്നു തെളിഞ്ഞാല്‍ പരസ്യം എന്ന നിലയില്‍ സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ തുക ഉള്‍ക്കൊള്ളിക്കാന്‍ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനു റിപ്പോര്‍ട്ട് ചെയ്യും. മാതൃകാപെരുമാറ്റ ചട്ടങ്ങള്‍ക്കെതിരായ പ്രവര്‍ത്തനവും റിപോര്‍ട്ട് ചെയ്യും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെയ്ഡ് ന്യൂസുകളും സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും വാര്‍ത്തകളും പരസ്യങ്ങളും അവലോകനം ചെയ്യുന്ന കമ്മിറ്റി ഓരോ സ്ഥാനാര്‍ഥിയേയും കുറിച്ചുള്ള റിപോര്‍ട്ട് അക്കൗണ്ടിംഗ് ടീമിനും റിട്ടേണിങ് ഓഫിസര്‍ക്കും ചെലവ് നിരീക്ഷകനും നല്‍കും.
സ്വതന്ത്രമായും പരപ്രേരണ കൂടാതെയും വോട്ടുചെയ്യാനുള്ള സമ്മതിദായകന്റെ അവകാശത്തില്‍ പെയ്ഡ് ന്യൂസുകള്‍ അനുചിതമായ സ്വാധീനം ചെലുത്തുന്നതായും തിരഞ്ഞെടുപ്പില്‍ പണത്തിന്റെ സ്വാധീനശക്തിക്ക് അവ പ്രോത്സാഹനം നല്‍കുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിക്കു രൂപം നല്‍കിയത്.