തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു; ബസ് ഇറങ്ങി വീട്ടിലേക്ക് നടക്കവേ ബസിനടിയിലേക്ക് വീഴുകയായിരുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് കയറി രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ കൃഷ്‌ണേന്ദുവാണു മരിച്ചത്. വീടിനു സമീപം ബസ് നിര്‍ത്തി കുട്ടിയെ ഇറക്കിയ ശേഷമാണ് അപകടമുണ്ടായത്. മുന്നോട്ടു നടന്ന കുട്ടി റോഡിന്റെ അരികിലുണ്ടായിരുന്ന കേബിളില്‍ കാൽ കുരുങ്ങി ബസിന്റെ മുന്നിലേക്കു വീഴുകയായിരുന്നു. ശരീരത്തിലൂടെ ബസ് കയറിയിറങ്ങി കുട്ടി തല്‍ക്ഷണം മരിച്ചു. മടവൂര്‍ മഹാദേവക്ഷേത്രം ചാലില്‍ റോഡില്‍ വൈകിട്ട് 4.15നാണ് സംഭവം.സ്‌കൂളില്‍ നിന്നുവരുന്ന മകളെ കാത്തുനിന്ന കുടുംബത്തിന്റെ മുന്നില്‍വച്ചായിരുന്നു അപകടം. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.മണികണ്ഠൻ ആചാരി –ശരണ്യ ദമ്പതികളുടെ മകളാണ് കൃഷ്‌ണേന്ദു. കെഎസ്ആര്‍ടിസി കിളിമാനൂര്‍ ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറാണു മണികണ്ഠന്‍.