വൈദ്യുതി ചാര്‍ജ്ജ് വര്‍ധന: വ്യാപാരികള്‍ കെഎസ്ഇബി ഓഫീസ് ഉപരോധിച്ചു
കലൂര്‍ രാജ്യാന്തര മൈതാനിയിലുള്ള കെഎസ്ഇബിയുടെ സെക്ഷന്‍ ഓഫീസിനുമുന്നില്‍ നടന്ന ഉപരോധ സമരം വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് ഉദ്ഘാടനം ചെയ്തു
കൊച്ചി:അന്യായമായ വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവിനെതിരെയും, കൂട്ടിയ ചാര്‍ജ്ജിന്റെ ആനുപാതികമായി ക്യാഷ് ഡെപ്പോസിറ്റ് വര്‍ധിപ്പിച്ചതിനും എതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം മേഖല കമ്മിറ്റി കലൂര്‍ രാജ്യാന്തര മൈതാനിയിലുള്ള കെഎസ്ഇബിയുടെ സെക്ഷന്‍ ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് ഉദ്ഘാടനം ചെയ്തു.
കൊവിഡും പ്രളയവും തളര്‍ത്തിയ വ്യാപാരികളുടെ മേലെ ആഞ്ഞുവീശിയ സുനാമിയാണ് ഇപ്പോഴത്തെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധനയും അതിന്റെ പേരില്‍ ആനുപാതികമായ ക്യാഷ് ഡെപ്പോസിറ്റും അടയ്ക്കുന്നതിനുള്ള നോട്ടീസെന്ന് പി സി ജേക്കബ് പറഞ്ഞു. വ്യാപാര മേഖലയെ വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവില്‍ നിന്നും ഒഴിവാക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ജില്ല ജനറല്‍ സെക്രട്ടറി അഡ്വ.എ ജെ റിയാസ് പറഞ്ഞു.
മേഖല പ്രസിഡന്റ് എം സി പോള്‍സണ്‍, മേഖല ജനറല്‍ സെക്രട്ടറി അസീസ് മൂലയില്‍, ജില്ലാ സെക്രട്ടറിമാരായ അബ്ദുള്‍ റസാക്ക്, ജിമ്മി ചക്യത്ത് ,നാദിര്‍ഷ, ദയാനന്ദന്‍, എഡ്വേഡ് ഫോസ്റ്റസ്, ലീന റാഫേല്‍, പ്രദീപ് ജോസഫ് പ്രസംഗിച്ചു.