ജനങ്ങളുടെ ആവലാതി കേള്‍ക്കാത്ത സര്‍ക്കാര്‍ നിലപാട് ഇന്ത്യന്‍ ഭരണഘടനയെ വെല്ലുവിളിക്കുന്നത്:പ്രഫ കെ അരവിന്ദാക്ഷന്‍
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനുവേണ്ടി മൂലമ്പള്ളിയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നും ഒന്നര പതിറ്റാണ്ടുമുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട 362 കുടുംബങ്ങളില്‍ ഭൂരിഭാഗംപേരും ഇന്നും സ്വന്തമായ കിടപ്പാടമില്ലാത്ത അവസ്ഥയിലാണ്
കൊച്ചി: വികസനപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായങ്ങളും ആവലാതികളും കേള്‍ക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ഇന്ത്യന്‍ ഭരണഘടനയെയും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെയും വെല്ലുവിളിക്കുന്ന നിലപാടാണെന്ന് പ്രമുഖ ഗാന്ധിയനും ചിന്തകനുമായ പ്രഫ. കെ അരവിന്ദാക്ഷന്‍. ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഹൈക്കോടതി ജംഗ്ഷനില്‍ സംഘടിപ്പിച്ച സില്‍വര്‍ ലൈന്‍ വിരുദ്ധ സായാഹ്ന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിനുവേണ്ടി മൂലമ്പള്ളിയുള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍നിന്നും ഒന്നര പതിറ്റാണ്ടുമുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട 362 കുടുംബങ്ങളില്‍ ഭൂരിഭാഗംപേരും ഇന്നും സ്വന്തമായ കിടപ്പാടമില്ലാത്ത അവസ്ഥയിലാണ്. അവരുടെ കാര്യത്തില്‍ ആദ്യം പരിഹാരം ഉണ്ടാക്കുവാനാണ് സര്‍ക്കാര്‍ തയ്യാറാകേണ്ടതെന്നും എന്നിട്ടുമതി ഒരു ലക്ഷത്തിലേറെപ്പേരെ കുടിയൊഴിപ്പിച്ചുള്ള പുതിയ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കേരളത്തെ രണ്ടായി വിഭജിക്കുന്നതും വരാനിരിക്കുന്ന തലമുറകളെവരെ ഭാരിച്ച കടക്കെണിയിലാക്കുന്നതും ദുരന്തസമാനമായ പാരിസ്ഥിതിക, സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുള്ളതുമായ സില്‍വര്‍ ലൈന്‍ പദ്ധതിയില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണമെന്ന് സായാഹ്ന സദസ്സ് ആവശ്യപ്പെട്ടു.
സമാധാനപരമായി സമരം ചെയ്യുന്ന കെ റെയില്‍ സമരക്കാരെ മൂന്നാം മുറ പ്രയോഗിച്ച് പോലിസിനെ ഉപയോഗിച്ച് അമര്‍ച്ച ചെയ്യുവാനുള്ള സര്‍ക്കാര്‍ ശ്രമത്തെ ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് അപലപിച്ചു.ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. കെ റെയില്‍ വിരുദ്ധ സമരസമിതി സംസ്ഥാന ചെയര്‍മാന്‍ എം പി ബാബുരാജ്, മുന്‍ എം പി ഡോ. ചാള്‍സ് ഡയസ് മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. മുന്‍ പി ഡബ്ല്യു ഡി ചീഫ് എഞ്ചിനീയര്‍ പി എ ഷാനവാസ്, അഡ്വ. വി എം മൈക്കിള്‍, ജോര്‍ജ്ജ് കാട്ടുനിലത്ത്, പ്രഫ. കെ ബി വേണുഗോപാല്‍, പി എ പ്രേംബാബു, അഡ്വ. വര്‍ഗീസ് പറമ്പില്‍, കെ പി സേതുനാഥ്, അഡ്വ. സി. ടീന ജോസ്, അഡ്വ. കെ വി ഭദ്രകുമാരി, ജേക്കബ് മാത്യു, ജോസി മാത്യു, ലോനപ്പന്‍ കോനുപറമ്പില്‍, കെ വി ബിജു, കെ ഡി മാര്‍ട്ടിന്‍, ഡോ. ശ്രീകുമാര്‍, പി പി സന്തോഷ്, എം ജെ പീറ്റര്‍, മുഹമ്മദ് സാദിക്, പി ജെ ജോബ് പ്രസംഗിച്ചു.