കെ റെയില്‍ പദ്ധതിയില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍
സംസ്ഥാനത്തെ വലിയ സാമ്പത്തിക ബാധ്യതയിലേക്കെടുത്തെറിയുന്നതും ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുന്നതുമാണ് പദ്ധതിയെന്ന് ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഗാന്ധിയന്‍ കലക്റ്റീവും സംയുക്ടതമായി സംഘടിച്ച കെ റെയില്‍ പ്രക്ഷോഭ കണ്‍വെന്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു
കൊച്ചി: ഭരണകൂട ധാര്‍ഷ്ട്യം ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതാവരുത് വികസനപദ്ധതികളെന്ന് ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍.ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചും ഗാന്ധിയന്‍ കലക്റ്റീവും സംയുക്ടതമായി സംഘടിച്ച കെ റെയില്‍ പ്രക്ഷോഭ കണ്‍വെന്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്തെ വലിയ സാമ്പത്തിക ബാധ്യതയിലേക്കെടുത്തെറിയുന്നതും ഇരുപതിനായിരത്തിലേറെ കുടുംബങ്ങളെ കുടിയിറക്കേണ്ടി വരുന്നതുമാണ് പദ്ധതി. കടുത്ത പാരിസ്ഥിതികാഘാതങ്ങള്‍ വരുത്തിവെക്കുന്നതും സംസ്ഥാന ജനസംഖ്യയുടെ അഞ്ചു ശതമാനം പേര്‍പോലും ഉപയോഗിക്കുവാന് സാധ്യതയില്ലാത്തതുമായ സെമി ഹൈ സ്പീഡ് റെയില്‍ പദ്ധതിയില്‍നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി ജെ വിനോദ് എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. വികസനപദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ ജനങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നതിനാണ് ജനകീയ സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതെന്ന് ടി ജെ വിനോദ് ആവശ്യപ്പെട്ടു.ദിനംപ്രതി എണ്‍പതിനായിരം യാത്രക്കാരെ ലഭ്യമാകുമെന്നും പദ്ധതി ലാഭകരമായിരിക്കുമെന്നും പറയുന്ന കെ റെയില്‍ പദ്ധതിനിര്‍ദ്ദേശം യാഥാര്‍ഥ്യങ്ങളെ മറച്ചുവെച്ചുകൊണ്ടുള്ളതാണ്. തലമുറകളെ ഭാരിച്ച കടക്കെണിയിലേക്ക് എടുത്തെറിയുന്നതും ജനഹിതത്തിന് പൂര്‍ണ്ണമായും എതിരായതുമായ പദ്ധതിക്കെതിരെ സംസ്ഥാനമെമ്പാടുമായി ജനരോഷം ആളിപ്പടരുന്നത് പിണറായി സര്‍ക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ല. വര്‍ധിച്ചുവരുന്ന ജനരോഷാഗ്നി സര്‍ക്കാരിനെതിരെയുള്ള അഗ്നിപര്‍വ്വമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവിലെ റെയില്‍വേ ട്രാക്കുകള്‍ ഇരട്ടിപ്പിക്കുകയും ബലപ്പെടുത്തുയും ചെയ്താല്‍ 180 കിലോമീറ്റര്‍ വേഗതയില്‍ വരെ ട്രെയിനുകള്‍ക്ക് സഞ്ചരിക്കാനാകും. രാജ്യവ്യാപകമായി ഇന്ത്യന്‍ റെയില്‍വേ ഈ നടപടികള്‍ പ്രവര്‍ത്തികമാക്കിക്കൊണ്ടിരിക്കുകയാണെന്നുമുള്ള യാഥാര്‍ഥ്യം നിലനില്‍ക്കെ അതിനെയൊക്കെ മറികടന്ന് വരുംതലമുറയെ ഭാരിച്ച കടക്കെണിയിലേക്ക് തള്ളിവിടുന്ന രണ്ടുലക്ഷത്തോളം കോടിരൂപ ചെലവുപ്രതീക്ഷിക്കുന്ന സില്‍വര്‍ലൈന്‍ പദ്ധതി നടപ്പിലാക്കിയേ അടങ്ങുവെന്ന് വാശിപിടിക്കുന്ന സംസ്ഥാനസര്‍ക്കാരിന്റെയും മുഖ്യമന്തിയുടെയും യാഥാര്‍ഥ ലക്ഷ്യം വികസനമാണോയെന്നതില്‍ സംശയമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇന്ത്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ജനറല്‍ സെക്രട്ടറി ഫെലിക്‌സ് ജെ പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. റിട്ട. ചീഫ് എഞ്ചിനീയര്‍ പി എ ഷാനവാസ്, സംസ്ഥാന സമരസമിതി അംഗം പി ടി ജോണ്‍,പ്രഫ. പി ജെ ജെയിംസ്, അഡ്വ. വി എം മൈക്കിള്‍, ആദം അയൂബ്, ജോര്‍ജ്ജ് കാട്ടുനിലത്ത്, പി എ പ്രേംബാബു, അഡ്വ. കെ വി ഭദ്രകുമാരി, ആനീസ് ജോര്‍ജ്ജ്, ഷാജഹാന്‍ അബ്ദുള്‍ഖാദര്‍, കെ ഡി മാര്‍ട്ടിന്‍, അഡ്വ. വര്‍ഗീസ് പറമ്പില്‍ പ്രസംഗിച്ചു.