നാഷണല്‍ ഹൈവേ വികസനം:ഹൈവെയിലുടനീളം പ്രതിഷേധ നില്‍പ്പ് സമരം നടത്തി

പുനരധിവാസ പാക്കേജ് നിഷേധിച്ചു കൊണ്ടും ബാക്കി ഭൂമിയില്‍ നിര്‍മ്മാണ വിലക്ക് അടിച്ചേല്‍പ്പിച്ചും 45മീറ്റര്‍ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഏകപക്ഷീയമായി ഭൂമിപിടിച്ചെടുക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം ഉയര്‍ന്നത്.

Update: 2021-08-16 06:09 GMT

കൊച്ചി : ഈ മണ്ണില്‍ ഞങ്ങള്‍ക്കും ജീവിക്കണം,ആഗസ്റ്റ് 15 അതിജീവന സ്വാതന്ത്ര്യ സംരക്ഷണ ദിനം എന്ന പേരില്‍ ദേശീയപാത സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നില്‍പ്പ് സമരം സംഘടിപ്പിച്ചു.വിവിധ കേന്ദ്രങ്ങളില്‍ സ്ത്രീകളടക്കം സമരത്തിന്റെ ഭാഗമായി.പുനരധിവാസ പാക്കേജ് നിഷേധിച്ചു കൊണ്ടും ബാക്കി ഭൂമിയില്‍ നിര്‍മ്മാണ വിലക്ക് അടിച്ചേല്‍പ്പിച്ചും 45മീറ്റര്‍ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ഏകപക്ഷീയമായി ഭൂമിപിടിച്ചെടുക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം ഉയര്‍ന്നത്.


 കഴിയാവുന്നിടത്തെല്ലാം എലവേറ്റഡ് ഹൈവെ നിര്‍മ്മിച്ച് സാമൂഹിക പാരിസ്ഥിതിക ആഘാതം കുറക്കുക. മെട്രോ റെയില്‍ ഇരകള്‍ക്ക് നല്‍കിയ പാക്കേജ് ദേശീയപാത ഇരകള്‍ക്ക് നിഷേധിക്കുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കുക. 45മീറ്റര്‍ ഏറ്റെടുത്ത ശേഷം ബാക്കിയാവുന്ന ഭൂമിയിലെ കെട്ടിട നിര്‍മ്മാണ വിലക്ക് ഒഴിവാക്കുക. കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങള്‍ക്കും വ്യാപാരികള്‍ക്കും നഷ്ടപരിഹാരവും പുനരധിവാസവും മുന്‍കൂര്‍ നല്‍കിയ ശേഷം മാത്രം ഭൂമിയേറ്റെടുക്കുക. കാണം, പാട്ടം തുടങ്ങിയ പേരില്‍ ഇരകളെ പീഡിപ്പിക്കരുത്.നഷ്ടപരിഹാരത്തില്‍ നിന്ന് 6% സാല്‍വേജ് ചാര്‍ജ് പിടിച്ചെടുക്കുന്ന നിയമവിരുദ്ധ നടപടി ഉപേക്ഷിക്കുക.അലൈന്മെന്റ് പരാതികള്‍ പരിഹരിക്കുക. നിലത്തിന്റെ വില നല്‍കി പുരയിടം പിടിച്ചെടുക്കുന്ന നടപടി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.

ഹാഷിം ചേന്നാമ്പിളളി, കെ.വി.സത്യന്‍ മാസ്റ്റര്‍, പ്രൊഫ. നാണപ്പന്‍ പിളള, രാജന്‍ ആന്റണി, ജസ്റ്റിന്‍ ഇലഞ്ഞിക്കല്‍, ടോമി ചന്ദനപ്പറമ്പില്‍, സി വി ബോസ്, ടോമി അറക്കല്‍, കെ പ്രവീണ്‍, അഷ്‌റഫ്,ജാഫര്‍ മംഗലശ്ശേരി, കെ എസ് സക്കരിയ, രാജേഷ് കാട്ടില്‍, അഭിലാഷ്, സലീം,യുവോള്‍ഡിന്‍, മാര്‍ട്ടിന്‍, കെ ഡി ലോറന്‍സ് പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

Tags:    

Similar News