ദേശീയ പാതയിലെ കുഴികള്‍: അറ്റകുറ്റപ്പണി കലക്ടര്‍മാര്‍ പരിശോധിക്കണമെന്ന് ഹൈക്കോടതി; സബ് കലക്ടര്‍ പരിശോധന നടത്തി
ദേശീയ പാത 47ല്‍ ഉള്‍പ്പെട്ട കറുകുറ്റി മുതല്‍ ആലുവ വരെയുള്ള പ്രദേശങ്ങളിലാണ് ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ പി വിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്
കൊച്ചി: ദേശീയ പാതയിലെ കുഴികള്‍ അടയക്കുന്നതുള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ കലക്ടര്‍മാര്‍ നേരിട്ട് പരിശോധിക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കുഴികള്‍ അടയ്ക്കുന്നത് വിലയിരുത്തുന്നതിനായി ഫോര്‍ട്ട്‌കൊച്ചി സബ് കലക്ടര്‍ പി വിഷ്ണു രാജിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. ദേശീയ പാത 47ല്‍ ഉള്‍പ്പെട്ട കറുകുറ്റി മുതല്‍ ആലുവ വരെയുള്ള പ്രദേശങ്ങളിലാണ് സബ് കലക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.
ദേശീയ പാതയില്‍ കൂടുതല്‍ കുഴികളുള്ള പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു കുഴി രൂപപ്പെടാനുള്ള കാരണങ്ങളും സംഘം വിലയിരുത്തി. റോഡിലെ കുഴികള്‍ അടയ്ക്കുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം, നിര്‍മാണ രീതി തുടങ്ങിയവ പരിശോധിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. നെടുമ്പാശേരിയില്‍ ദേശീയ പാതയിലെ കുഴിയില്‍ വീണ് ഇരു ചക്ര വാഹന യാത്രികന്‍ മരിച്ച സ്ഥലവും സംഘം സന്ദര്‍ശിച്ചു.
ജില്ലയിലെ ദേശീയ പാതകളിലും പൊതു മരാമത്ത് റോഡുകളിലുമുള്ള കുഴികള്‍ അടിയന്തരമായി അടച്ചു പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.ദേശീയ പാത അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടര്‍ ബിപിന്‍ മധു , പൊതു മരാമത്ത് (റോഡ്‌സ് ) വിഭാഗം ആലുവ ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ബഷീര്‍, പൊതു മരാമത്ത് (ദേശീയ പാത ) വിഭാഗം ആലുവ ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയരാജന്‍ , ആലുവ തഹദില്‍ദാര്‍ സുനില്‍ മാത്യു തുടങ്ങിവര്‍ സബ് കലക്ടറുടെ ഒപ്പമുണ്ടായിരുന്നു .