വൈദ്യുതി ചാര്‍ജ് വര്‍ധനവ് പിന്‍വലിക്കണം; എസ്ഡിപിഐ സെക്രട്ടേറിയറ്റിന് മുന്‍പില്‍ വിളക്ക് കത്തിച്ചു പ്രതിഷേധിച്ചു
തിരുവനന്തപുരം: വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കുന്നതില്‍ നിന്ന് വൈദ്യുതി ബോര്‍ഡും സര്‍ക്കാരും പിന്‍വാങ്ങണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മണ്ണെണ്ണ വിളക്ക് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുന്‍പില്‍ വിളക്ക് കത്തിച്ച് നടന്ന പ്രതിഷേധം പാര്‍ട്ടി ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള ഉദ്ഘാടനം ചെയ്തു. കൊവിഡ് മൂലം പ്രതിസന്ധിയിലായ സാധാരണക്കാരുടെ ജീവിതത്തെ ഏറ്റവും ഭീകരമായി ബാധിക്കുന്നതാണ് ഈ വര്‍ധനവെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. കോര്‍പറേറ്റ് കമ്പനികള്‍ക്കും മറ്റും പ്രതിവര്‍ഷം ലക്ഷങ്ങളുടെ വൈദ്യുതി ചാര്‍ജാണ് എഴുതി തള്ളുന്നത്. അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണ് വൈദ്യുതി ബോര്‍ഡ് നഷ്ടത്തിലാകുന്നത്. ഈ നഷ്ടത്തിന്റെ ഭാരം മുഴുവന്‍ പാവപ്പെട്ടവരുടെ തലയില്‍ വെച്ചുകെട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, ഖജാന്‍ജി ഷംസുദ്ദീന്‍ മണക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.