സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും; പുതിയ നിരക്ക് നാളെ റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി
പുതിയ നിരക്ക് ജൂലൈ മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. പുതുക്കിയ നിരക്ക് നാളെ ഉച്ചയ്ക്ക് ശേഷം റെഗുലേറ്ററി കമ്മീഷന്‍ പ്രഖ്യാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞു. വൈദ്യുതി ചാര്‍ജ് പരമാവധി കുറഞ്ഞ തോതില്‍ കൂട്ടണം എന്നതാണ് സര്‍ക്കാരിന്റെ ആഗ്രഹം. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള വൈദ്യുത നിരക്കാണ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നത്. അഞ്ചു വര്‍ഷം കൊണ്ട് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്. നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള നിരക്ക് 4രൂപ 79 പൈസയാണ്.
വിവിധ ജില്ലകളില്‍ പബ്ലിക് ഹിയറിങ് നടത്തിയ ശേഷമാണ് കമ്മിഷന്‍ അന്തിമ താരിഫ് പ്രഖ്യാപിക്കുന്നത്. കൊവിഡ് സാഹചര്യം കാരണമാണ് വൈദ്യുതി നിരക്ക് വര്‍ധനവ് ഏപ്രിലില്‍ നടപ്പാക്കാതിരുന്നത്. ജൂലൈ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.
വൈദ്യുതി നിരക്ക് വര്‍ധനവ് വരുത്താനുള്ള അധികാരം റെഗുലേറ്ററി കമ്മീഷനാണ്. നിരക്കില്‍ വലിയ വര്‍ധനവ് ഉണ്ടാകില്ല. വരവും ചെലവും കണക്കാക്കിയുള്ള വര്‍ധനവാണ് ആവശ്യപ്പെട്ടിട്ടുളളത്. ഉയര്‍ന്ന തുകയ്ക്ക് വൈദ്യുതി വാങ്ങുന്ന മൂന്നു കരാറുകള്‍ റദ്ദാക്കുന്നതില്‍ ആലോചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടും. ഇത് വൈദ്യുതി ബോര്‍ഡിന് സാമ്പത്തിക നേട്ടമുണ്ടാക്കും. അടുത്ത താരിഫ് റിവിഷനില്‍ ഇതിന്റെ മെച്ചം സാധാരണക്കാരന് കിട്ടുമെന്നും മന്ത്രി പറഞ്ഞു.