പ്രഭാതസവാരിക്കിടെ ആന ചവിട്ടി കൊന്ന സംഭവം: വനം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന് മന്ത്രി
എന്തിനാണ് ആ സമയത്ത് നടക്കാന്‍ പോയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദിച്ചെന്ന് നാട്ടുകാര്‍
തിരുവനന്തപുരം: പാലക്കാട് ധോണിയില്‍ പ്രഭാതസവാരിക്കിറിങ്ങിയ ആളെ ആന ചവിട്ടി കൊന്ന സംഭവത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്ന വനം മന്ത്രി എ കെ ശശീന്ദ്രന്‍. ആശ്വാസകരമായ മറുപടിക്ക് പകരം പ്രതിഷേധാര്‍ഹമായ മറുപടി ഉദ്യോഗസ്ഥര്‍ നല്‍കിയെന്ന ആരോപണമുണ്ടെന്നും മന്ത്രി പറഞ്ഞു.
നാട്ടുകാരുടെ പ്രതിഷേധം തീര്‍ക്കാന്‍ ഇടപെടാന്‍ വനം മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. പ്രതിഷേധക്കാരുമായി സംസാരിച്ച് ഉചിതമായ ഇടപെടല്‍ നടത്താന്‍ ആവശ്യപ്പെട്ടുവെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. എന്തിനാണ് ആ സമയത്ത് നടക്കാന്‍ പോയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവമുണ്ടായത്. എട്ട് പേര്‍ക്കൊപ്പം നടക്കാനിറങ്ങിയ ശിവരാമനാണ് ദാരുണാന്ത്യം സംഭവിച്ചത്. മുന്നില്‍ നടന്ന രണ്ട് പേരെ വിരട്ടിയോടിച്ച ആന പിന്നാലെയുണ്ടായിരുന്ന ശിവരാമനെ തൂക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തെ തുടര്‍ന്ന് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ജില്ലാ വനം മേധാവിയുടെ ഓഫിസിന് മുന്നിലാണ് പ്രതിഷേധം. ആര്‍ഡിഒയും സ്ഥലം എംഎല്‍എയും അടക്കം എത്തിയെങ്കിലും പ്രതിഷേധം തുടരുകയാണ്.