കുവൈത്തില്‍ ഭരണം തുടരാന്‍ പ്രധാനമന്ത്രിക്ക് അമീറിന്റെ നിര്‍ദേശം

Update: 2020-10-06 19:15 GMT

കുവൈത്ത് സിറ്റി:കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബ അല്‍ ഖാലിദ് അല്‍ സബ അമീര്‍ ശൈഖ് നവാഫ് അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബയ്ക്ക് തന്റെ മന്ത്രിസഭയുടെ രാജിക്കത്ത് കൈമാറി. മന്ത്രിസഭയില്‍ ആത്മവിശ്വാസം രേഖപ്പെടുത്തിയ അമീര്‍ ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നത് തുടരാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

നവംബര്‍ അവസാനമോ ഡിസംബര്‍ ആദ്യമോ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടരാനും അമീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഭരണഘടനയനുസരിച്ച് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഉടന്‍ പുതിയ മന്ത്രിസഭ രൂപീകരിക്കാന്‍ നിലവിലെ മന്ത്രിസഭ രാജിവയ്ക്കണം. കുവൈത്തിന്റെ പുരോഗതിക്കായി ഭരണഘടനയ്ക്കും നിയമങ്ങള്‍ക്കും അനുസൃതമായി ഓരോരുത്തരും തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും പാലിക്കണമെന്ന് അമീര്‍ ശൈഖ് നവാഫ് ആഹ്വാനം ചെയ്തു.

അതേസമയം, നിലവിലെ നാഷണല്‍ അസംബ്ലിയുടെ കാലാവധി ഒക്ടോബര്‍ എട്ടിന് ഔദ്യോഗികമായി അവസാനിക്കും. മുന്‍ അമീര്‍ ശൈഖ് സബ അല്‍ അഹ്‌മദ് അല്‍ ജാബര്‍ അല്‍ സബയുടെ നിര്യാണത്തെത്തുടര്‍ന്നാണ് ഒക്ടോബര്‍ ഒന്നിന് കാലാവധി അവസാനിക്കേണ്ട നാഷണല്‍ അസംബ്ലിയുടെ കാലാവധി ഒരാഴ്ച വൈകി അവസാനിക്കുന്നത്.

പുതിയ കിരീടവകാശിയെ നിയമിക്കാന്‍ അമീര്‍ ഉടന്‍ തീരുമാനിക്കുകയാണെങ്കില്‍ കിരീടവകാശിയുടെ സത്യപ്രതിജ്ഞയ്ക്കായി പ്രത്യേക അസംബ്ലി സമ്മേളനം വിളിക്കുമെന്ന് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം പറഞ്ഞു. ഭരണഘടനാപ്രകാരം കിരീടവകാശിയെ നിയമിക്കാന്‍ പുതിയ അമീറിന് ഒരു വര്‍ഷം വരെ സമയമെടുക്കാം.

Similar News