മുസ്‌ലിം വനിതകളുടെ ബുര്‍ഖ നീക്കി ബൂത്തില്‍ പരിശോധന വേണ്ട'; തിരഞ്ഞെടുപ്പ് കമ്മീഷന് സമാജ് വാദി പാര്‍ട്ടിയുടെ കത്ത്

Update: 2024-11-19 12:35 GMT

ലക്‌നൗ: പോളിങ് ബൂത്തിലെത്തുന്ന മുസ്‌ലിം വനിതകളുടെ ബൂര്‍ഖ നീക്കി പരിശോധിക്കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്യാം ലാല്‍ പാല്‍. ഇതുസംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് ഇദ്ദേഹം കത്തയയ്ക്കുകയും ചെയ്തു. ചൊവ്വാഴ്ചയാണ് യുപിയിലെ സമാജ്വാദി പാര്‍ട്ടി അധ്യക്ഷനായ ശ്യാം ലാല്‍ പാല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കത്തയച്ചത്. വോട്ട് ചെയ്യാനായി ബൂത്തിലെത്തുന്ന മുസ്‌ലിം വനിതാ വോട്ടര്‍മാരുടെ ബൂര്‍ഖ നീക്കി പരിശോധിക്കരുതെന്ന് പോലിസിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കണമെന്നാണ് ശ്യാംലാലിന്റെ കത്തില്‍ ആവശ്യപ്പെടുന്നത്.

ബൂര്‍ഖ ധരിച്ച് പോളിങ് ബൂത്തിലെത്തുന്ന മുസ്‌ലിം സ്ത്രീകളുടെ തിരിച്ചറിയല്‍ രേഖ പരിശോധിക്കാന്‍ പോലിസിന് അധികാരം നല്‍കരുതെന്നും ശ്യാം ലാല്‍ പാലിന്റെ കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുസംബന്ധിച്ച നിര്‍ദേശം റിട്ടേണിങ് ഓഫീസര്‍മാര്‍ക്കും ജില്ലാ മജിസ്ട്രേറ്റിനും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്തുണ്ടായ ചില സംഭവവികാസമാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെയ്ക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

അന്ന് പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ സമാജ്വാദി പാര്‍ട്ടി അനുഭാവികളായ മുസ്‌ലിം സ്ത്രീകളുടെ ബൂര്‍ഖ നീക്കി പോലിസ് പരിശോധന നടത്തിയിരുന്നു. ഈ സംഭവം ചില വോട്ടര്‍മാരെ ഭയപ്പെടുത്തിയെന്നും പലരും വോട്ട് ചെയ്യാനെത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. 'സമാജ് വാദി പാര്‍ട്ടി അനുഭാവികളായ പലരും, പ്രത്യേകിച്ച് മുസ്‌ലിം വനിതകള്‍ അന്ന് വോട്ട് ചെയ്യാതെ പോളിങ് ബൂത്തില്‍ നിന്ന് തിരിച്ചുപോയി,' ശ്യാംലാല്‍ പാല്‍ പറഞ്ഞു. നവംബര്‍ 20ന് യുപിയില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ശ്യാം ലാല്‍ പാലിന്റെ കത്ത് വിവാദമാകുന്നത്.





Tags:    

Similar News