എം എസ് സാജിദ്
ഇന്നത്തെ കുട്ടികളെ കുറിച്ച് ഒട്ടുമിക്ക രക്ഷിതാക്കളുടെയും പരാതി അവര്‍ അനുസരണയില്ലാത്ത, അമിതോല്‍സാഹികള്‍ (Hyperactive) ആണെന്നാവും. കുട്ടികള്‍ ഭാവികാലത്തിന്റെ പ്രവാചകരാണെങ്കില്‍ നമുക്കു മുന്നില്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്ന വംശീയ മര്‍ദ്ദക ഭരണകൂടത്തെ നേരിടാന്‍ ദൈവം നിക്ഷേപിച്ച വിസമ്മതത്തിന്റെ ജനിതക ഘടനയാണവരില്‍ ദര്‍ശിക്കുന്നത്. അവരെ നോക്കിയാണ് മുസ്‌ലിം സമുദായത്തിന്റെ അതിജീവന സ്വപ്‌നങ്ങള്‍ രൂപ്പപ്പെടുത്തേണ്ടത്. പ്രവചന സാധ്യമായ പ്രതീക്ഷകളോടൊപ്പം അതിനെക്കാള്‍ പ്രതിസന്ധികളും നിറഞ്ഞതാണ് മുന്നിലുള്ള ദശകങ്ങള്‍. ഇന്ത്യന്‍ മുസ്‌ലിംകള്‍ വംശഹത്യയുടെ വക്കില്‍നിന്ന് അതിജീവന മാര്‍ഗങ്ങള്‍ അന്വേഷിക്കുന്ന ഒരു ചരിത്രസന്ധിയില്‍ സമുദായം ഭാവിയെ എങ്ങനെയാവും നോക്കിക്കാണുന്നത് എന്നൊരു അന്വേഷണം നല്ലതാണ്.
ഇന്നത്തെ മുസ്‌ലിം യുവത വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പരിസരങ്ങളില്‍ പ്രതീക്ഷാവഹമായ മുന്നേറ്റം രേഖപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യവും അതിന്റെ ഭാഗദേയവും ഞങ്ങളുടേതാണെന്ന അവകാശ രാഷ്ട്രീയ ബോധം മുസ്‌ലിം യുവതയില്‍ പ്രകടമാണ്. നിരവധി പ്രസിദ്ധീകരണങ്ങളിലെ ഇടപെടലുകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാന്നിധ്യം, വിദ്യാഭ്യാസ-തൊഴില്‍ ആവശ്യാര്‍ഥമുള്ള അന്തര്‍ദേശീയ പലായനങ്ങള്‍, അതിലുപരി നാം കടന്നുപോവുന്ന രാഷ്ട്രീയ പരിതസ്ഥിതി തുടങ്ങിയവ മൂലമുള്ള അറിവും അനുഭവവും മുസ്‌ലിം സമൂഹത്തിന്റെ ഭാവി നേതൃത്വങ്ങളെ സമ്പുഷ്ടമാക്കുന്നു. ഇന്നത്തെ മുതിര്‍ന്ന തലമുറയുടെ ഒരു തുടര്‍ച്ചയാണ് നമുക്കിവിടെ കാണാന്‍ സാധിക്കുന്നത്. എന്നാല്‍, മുഖ്യധാരയില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ടു സ്വന്തമായ ഇടങ്ങളില്‍ സമാന്തരമായാണ് ഇത്തരം വ്യവഹാരങ്ങള്‍ പരുവപ്പെടുന്നത് എന്നത് ആശാവഹം എന്നതോടൊപ്പം, സമുദായം തിരസ്‌കരിക്കപ്പെടുന്നതിന്റെ ആഴം കൂടി വ്യക്തമാക്കുന്നതാണ്.
ഏകതയോടെ മുന്നോട്ട്
സമുദായം നേരിടുന്ന ആന്തരികവും ബാഹ്യവുമായ ഭീഷണികളെ യുവത തിരിച്ചറിഞ്ഞിട്ടുണ്ട്. എങ്കിലും മുന്‍ഗണനാക്രമം നിശ്ചയിച്ചു പ്രായോഗികമായ തരംതിരിവുകള്‍ നടത്താന്‍ ഇനിയും പ്രാപ്തമായിട്ടില്ല എന്നതാണ് സത്യം. ഇന്ത്യന്‍ ഫാഷിസം എന്ന പൊതു ശത്രുവിനെ കുറെക്കൂടി കൃത്യമായി മനസ്സിലാക്കി എന്നത് അതിലെ ഏറ്റവും പോസിറ്റീവ് ആയ കാര്യമാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളില്‍ രാജ്യത്തുണ്ടായ ഫാഷിസ്റ്റു വിരുദ്ധ പ്രചാരണങ്ങളാണ് ഇതു സാധ്യമാക്കിയത് എന്നത് എടുത്തുപറയേണ്ട വസ്തുതയാണ്. പൊതുശത്രുവിനെ ഫലപ്രദമായി നേരിടാന്‍ ഇരകളുടെ ഐക്യം എന്ന വളരെ ശ്രമകരമായ ലക്ഷ്യത്തിലേക്കു നീങ്ങുന്നതിന്റെ ചിന്തകള്‍ യുവസമൂഹത്തില്‍ പ്രകടമാണ്. ഭാവിയില്‍ സംഘടനാതീതമായി മുസ്‌ലിം ഏകതയെന്ന ധാര ശക്തിപ്പെടുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്. തദ്ഫലമായി, രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണിയായ ആര്‍എസ്എസിനെ നേരിടുന്നതില്‍ ഒരേ മനസ്സോടുകൂടിയ പരിശ്രമങ്ങള്‍ സമുദായത്തിനുള്ളില്‍ ഉണ്ടായിവരും. അങ്ങനെ ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായം രാജ്യം സാക്ഷിയാവാന്‍ പോവുന്ന ഫാഷിസ്റ്റ് വിരുദ്ധ ചേരിയുടെ പതാക വാഹകരാവും.
ഇന്നു മുസ്‌ലിം വ്യവഹാരങ്ങള്‍ക്കു വലിയ അളവില്‍ രാഷ്ട്രീയഭാഷ്യം വികസിച്ചുവന്നിട്ടുണ്ട്. ഇതു മതത്തിന്റെ വിശാല കാഴ്ചപ്പാട് സമൂഹത്തിനു പരിചയപ്പെടുത്താന്‍ സഹായകരമാക്കും. അതുവഴി ഇസ്‌ലാമിന്റെ രാഷ്ട്രീയ വീക്ഷണം പൊതുസമൂഹത്തില്‍ സ്വീകരിക്കപ്പെടുന്ന സാഹചര്യം ഈ വരും വര്‍ഷങ്ങളില്‍ ഉണ്ടാവാന്‍ പോവുകയാണ്. മതേതരാനന്തര ജനാധിപത്യ സമൂഹങ്ങള്‍ക്ക് വിത്ത് പാവുക എന്നതായിരിക്കും ഭാവിതലമുറയുടെ വെല്ലുവിളി. അതിന് അധികാര രാഷ്ട്രീയത്തിന്റെ തണലില്‍ കയറി നില്‍ക്കുന്നതിനു പകരം സ്വത്വാധിഷ്ഠിത രാഷ്ട്രീയ ജാഗരണത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കണം. കഴിഞ്ഞ കാലത്തെ മാറാപ്പുകള്‍ പേറുന്ന മുതിര്‍ന്ന തലമുറയിലെ നേതാക്കളെ അന്തമായി അനുഗമിക്കുന്നത് ചരിത്രപരമായ ഈ ദൗത്യത്തിനു ഭീഷണിയാവും.
ശാക്തീകരണം
ഇങ്ങനെയൊക്കെ ആണെങ്കിലും മുസ്‌ലിംകളുടെ സമ്പൂര്‍ണ ശാക്തീകരണ അജണ്ട യുവ നേതൃത്വം ഇനിയും ഏറ്റെടുത്തിട്ടില്ല എന്നാണ് മനസ്സിലാക്കുന്നത്. നമ്മുടെ അജണ്ട നാം നിശ്ചയിക്കുക എന്നതിനാവശ്യമായ കര്‍മപദ്ധതികള്‍ മുന്‍ഘടനാടിസ്ഥാനത്തില്‍ രൂപപ്പെടുത്താന്‍ ഇനിയും വൈകരുത്. ശാക്തീകരണത്തിന്റെ അടിസ്ഥാന ശ്രമങ്ങള്‍ നീതി, സ്വാഭിമാനം, നിര്‍ഭയത്വം തുടങ്ങിയ ബോധനങ്ങളില്‍ നിന്നുമാണ് ആരംഭിക്കേണ്ടത്. കേവല വിദ്യാഭ്യാസ ശാക്തീകരണം സമൂഹത്തില്‍ സമൂല പരിവര്‍ത്തനത്തിനു കാരണമാവുമെന്ന മധ്യവര്‍ഗ മിഥ്യാധാരണ ഭാവി നേതൃത്വങ്ങളിലും ഉണ്ടാവുമെന്നത് ആശങ്കയോടെയാണ് കാണുന്നത്. വിദ്യ നേടി ബ്യൂറോക്രസിയിലോ ജുഡീഷ്യറിയിലോ കയറിക്കൂടി വിപ്ലവമുണ്ടാക്കാമെന്ന ചിന്ത ഒരേസമയം ചരിത്രത്തെ നിരാകരിക്കലും വര്‍ത്തമാന ഇന്ത്യയിലെ സങ്കീര്‍ണ സാമൂഹിക ബന്ധങ്ങള്‍ക്കു നേരെ കണ്ണടച്ച് ഇരുട്ടാക്കലുമാണ്.
ഇപ്പോള്‍ തന്നെ ശക്തമാണെങ്കിലും വലതുപക്ഷ വംശീയ കക്ഷികളുടെ ആഗോളാടിസ്ഥാനത്തിലുള്ള ഏകീകരണത്തിനാണ് മുന്നിലുള്ള നാളുകളില്‍ നാം സാക്ഷിയാവുക. സാമ്പത്തികമായി വികസിച്ച നാടുകളിലേക്കു വിദ്യാഭ്യാസം നേടാന്‍ പലായനം ചെയ്ത മുസ്‌ലിം യുവാക്കളുടെ വിവിധ കൂട്ടായ്മകള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ അവകാശങ്ങള്‍ക്കു വേണ്ടി അതത് രാജ്യങ്ങളില്‍ മുന്നോട്ടുവരുന്ന സാഹചര്യം വരും നാളുകളില്‍ സംജാതമാവും. അതായത്, ഇന്ത്യന്‍ മുസ്‌ലിംകളുടെ വിഷയങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ ലഭിക്കുമ്പോള്‍ തന്നെ നേരിടാന്‍ പോവുന്ന പ്രതിസന്ധികള്‍ വളരെ വലുതാണ്. ചുരുക്കത്തില്‍ പ്രതീക്ഷയുടെയും പ്രതിബന്ധങ്ങളുടെയും സമ്മിശ്രമായ സാഹചര്യമാണ് നമുക്കു മുന്നിലുള്ള ദശകങ്ങള്‍. സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടാതെ തിന്മ എന്നും നിലനില്‍ക്കാന്‍ പോവുന്നില്ല. നീതിക്കു വേണ്ടി നിലകൊള്ളുക അത്ര എളുപ്പമുള്ള പണിയുമല്ല എന്നു സാരം.