അവന്തിപ്പോരയില്‍ ഏറ്റുമുട്ടല്‍, ഒരാള്‍ കൊല്ലപ്പെട്ടു

Update: 2021-12-12 11:27 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ അവന്തിപ്പോരയില്‍ സുരക്ഷാസേനയും സായുധരും ഏറ്റുമുട്ടി. അവന്തിപ്പോര ജില്ലയിലെ ബര്‍ഗം പ്രദേശത്താണ് ഏറ്റുമുട്ടല്‍ നടന്നത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. മരിച്ചയാള്‍ ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനായ സമീര്‍ അഹ്മദ് തന്ത്രയ് ആണെന്ന് കശ്മീര്‍ പോലിസ് അറിയിച്ചു. സായുധസംഘങ്ങള്‍ക്ക് പ്രാദേശിക സഹായം നല്‍കുന്നയാളാണ് സമീറെന്ന് പോലിസ് അവകാശപ്പെട്ടു.

ബര്‍ഗം പ്രദേശത്തെ താമസക്കാരനാണ് ഇയാള്‍.

സായുധരുടെ സാന്നിധ്യത്തെക്കുറിച്ച് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ജമ്മു കശ്മീര്‍ പോലിസ്, 42ആര്‍ആര്‍, 130ബിഎന്‍ സിആര്‍പിഎഫ് ബറ്റാലിയന്‍ എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് സമീറിനെ വെടിവച്ചുകൊന്നത്.

ഓപറേഷനിടയില്‍ ഇയാള്‍ ഒരിടത്ത് കുടുങ്ങി. കീഴടങ്ങാന്‍ അവസരം നല്‍കിയെങ്കിലും അതിനു തയ്യാറായില്ല. മാത്രമല്ല, സൈന്യത്തിനുനേരെ വെടിയുതിര്‍ക്കുകയും ചെയ്തു. സ്വയരക്ഷയ്ക്കുവേണ്ടി സുരക്ഷാസേന നടത്തിയ ആക്രമണത്തിലാണ് സമീര്‍ കൊല്ലപ്പെട്ടത്- പോലിസ് ബുള്ളറ്റിനില്‍ പറയുന്നു.

സമീര്‍ നേരത്തെത്തന്നെ പോലിസ് പട്ടികയിലുള്ളയാളാണത്രെ.

ജെയ്‌ഷെ മുഹമ്മദില്‍ പ്രവര്‍ത്തിക്കും മുമ്പ് ഇയാള്‍ സായുധ സംഘങ്ങള്‍ക്ക് സ്‌ഫോടക വസ്തുക്കളടക്കം എത്തിക്കുന്നതില്‍ സഹായിച്ചിരുന്നു. സാധാരണക്കാരെ ഭയപ്പെടുത്തി പോസ്റ്ററുകള്‍ പതിക്കുമായിരുന്നു. ജനാധിപത്യപ്രവര്‍ത്തനങ്ങളില്‍ നിന്ന് ജനങ്ങളെ അകറ്റുകയെന്ന ഉദ്ദേശ്യമായിരുന്നു അതിനു പിന്നിലെന്നും കുറിപ്പ് അവകാശപ്പെടുന്നു.

ഇയാളില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തതായി എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Tags:    

Similar News