പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ ഭാഷാപഠനം ഉറപ്പാക്കണം: കെഎഎംഎ
20 ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎഎംഎ കോഴിക്കോട് ഡിഡിഇ ഓഫിസിനു മുമ്പില്‍ ധര്‍ണ സംഘടിപ്പിച്ചത്
കോഴിക്കോട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ഡിഡിഇ ഓഫിസ് ധര്‍ണ്ണ നടത്തി. അവകാശ പത്രിക ഡിഡിഇക്ക് കൈമാറി.
ദേശീയ-സംസ്ഥാന പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ പ്രീ പ്രൈമറിതലം മുതല്‍ ഹയര്‍സെക്കന്‍ഡറിതലം വരെ അറബി ഭാഷാപഠനം ഉറപ്പുവരുത്തുക, സച്ചാര്‍പലോളി കമ്മിറ്റി ശുപാര്‍ശകള്‍ പൂര്‍ണമായും നടപ്പിലാക്കുക, അന്താരാഷ്ട്ര അറബിക് സര്‍വ്വകലാശാല സ്ഥാപിക്കുക, അധ്യാപക ഒഴിവുകളില്‍ പിഎസ്‌സി നിയമനം നടത്തുക, നിയമനം നടത്തുന്നത് വരെ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുക, അധ്യാപക തസ്തികകളിലെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുക, പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കുക, എന്‍സിഎ നിയമനങ്ങളില്‍ രണ്ടുപ്രാവശ്യം വിജ്ഞാപനം നടത്തി ആ വിഭാഗങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലായെങ്കില്‍ റാങ്ക് ലിസ്റ്റിലെ ജനറല്‍ വിഭാഗത്തില്‍ നിന്ന് റാങ്ക് ലിസ്റ്റ് അവസാനിക്കുന്നതിനു മുമ്പായി നിയമനം നടത്തുക, അറബിക് ബിഎഡ്., ഡിഎല്‍എഡ് സെന്ററുകളും സീറ്റുകളും വര്‍ധിപ്പിക്കുക, ഹയര്‍സെക്കന്‍ഡറിയിലെ ഭാഷാപഠന നിയന്ത്രണം പിന്‍വലിക്കുക,
എല്‍പി, യുപി ഹെഡ്മാസ്റ്റര്‍ നിയമനങ്ങള്‍ എത്രയും വേഗം നടപ്പിലാക്കുക, എല്ലാ ഡയറ്റ്കളിലും അറബിക് ഫാക്കല്‍റ്റിയെ നിയമിക്കുക, മുസ്‌ലിം ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് അര്‍ഹരായ എല്ലാ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്കും നല്‍കുക, കഴിഞ്ഞ അഞ്ച് വര്‍ഷമായി നിയമം ലഭിച്ച അധ്യാപകര്‍ക്ക് നിയമാംഗീകാരം നല്‍കുക തുടങ്ങി 20ഓളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ സംഘടിപ്പിച്ചത്.
ധര്‍ണ്ണ നാരായണഗുരു ഓപണ്‍ സര്‍വ്വകലാശാല അറബിക് അക്കാദമിക് കമ്മിറ്റി തലവന്‍ ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. കെഎഎംഎ സംസ്ഥാന ട്രഷറര്‍ പിപി ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്് ഇ സി നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഇ അബ്ദുള്‍ റഫീഖ്, ജില്ലാ ട്രഷറര്‍ കെ അബ്ദുള്‍ ജലീല്‍, ടി കെ അബൂബക്കര്‍, കെ പി സൈനുദ്ദീന്‍, ഇ അബ്ദുള്‍ അലി, പി പി അബ്ദുള്‍ ഖയ്യൂം, ഷജീര്‍ഖാന്‍ വയ്യാനം സംസാരിച്ചു.