ഏറ്റുമാനൂര്‍ ചിങ്ങവനം രണ്ടാം പാത ഇന്ന് തുറക്കും
കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് കൂടി നിയന്ത്രണമുണ്ട്,പകല്‍ 10 മണിക്കൂര്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു
കോട്ടയം: 16.7 കിലോമീറ്റര്‍ നീളം വരുന്ന ചിങ്ങവനം ഏറ്റുമാനൂര്‍ രണ്ടാം പാത ഇന്ന് ഗതാഗതത്തിന് തുറന്ന് കൊടുക്കും.പാലക്കാട് ജങ്ഷന്‍-തിരുനല്‍വേലി പാലരുവി എക്‌സ്പ്രസ് ആകും പുതിയ പാതയിലൂടെ ആദ്യം സര്‍വീസ് നടത്തുക.ഇതോടെ പൂര്‍ണമായി വൈദ്യുതീകരിച്ച ഇരട്ടപ്പാതയുള്ള സംസ്ഥാനം എന്ന പദവിയിലേക്ക് കേരളം ഉയരും.
ഇന്ന് വൈകിട്ട് ആറോടെ പാത സജ്ജമാകുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ചിങ്ങവനം-ഏറ്റുമാനൂര്‍ പുതിയ ലൈനില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാനുള്ള അനുമതിയാണ് കമ്മിഷന്‍ ഓഫ് റെയില്‍വേ സേഫ്റ്റി (സിആര്‍എസ്) നല്‍കിയിരിക്കുന്നത്.
2019 ജൂണ്‍ 11നാണ് കോട്ടയം ഇരട്ടപ്പാത ജോലികള്‍ക്ക് തുടക്കംകുറിച്ചത്. 16.7 കിലോമീറ്റര്‍ നീളം വരുന്ന ചിങ്ങവനം ഏറ്റുമാനൂര്‍ റൂട്ടില്‍ പുതിയ പാത യാഥാര്‍ഥ്യമാകുന്നതോടെ മംഗലാപുരം മുതല്‍ തിരുവനന്തുപരം(കോട്ടയം വഴി) വരെയുള്ള 632 കി. മീറ്റര്‍ പൂര്‍ണമായും ഇരട്ടപ്പാതയാകും.
ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷനു സമീപം പാറോലിക്കല്‍ ഗേറ്റിന് അടുത്ത് പഴയ പാളവും പുതിയതും കൂട്ടിച്ചേര്‍ക്കുന്ന ജോലിയാണ് ഇന്ന് തീരാനുള്ളത്. ഇത് പൂര്‍ത്തിയായാല്‍ ദക്ഷിണ റെയില്‍വേ നിര്‍മ്മാണ വിഭാഗം ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍(സിഎഒ) അവസാന വട്ട പരിശോധന നടത്തും. അതിന് ശേഷം ട്രെയിന്‍ ഗതാഗതത്തിന് അനുമതി നല്‍കും.
തിരുവനന്തപുരം ഭാഗത്തേക്കുള്ള ഡൗണ്‍ ലൈനാണ് പുതിയതായി നിര്‍മ്മിച്ച പാത. കോട്ടയം റെയില്‍വേ സ്‌റ്റേഷന്‍ മുതല്‍ മുട്ടമ്പലം റെയില്‍വേ ഗേറ്റ് വരെ തുരങ്കങ്ങളിലൂടെയുള്ള ട്രാക്കുകള്‍ക്ക് പകരം നിര്‍മ്മിച്ച 2 ലൈനുകളും പുതിയതാണ്. കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതത്തിന് ഇന്ന് കൂടി നിയന്ത്രണമുണ്ട്. പകല്‍ 10 മണിക്കൂര്‍ സര്‍വീസ് ഉണ്ടായിരിക്കില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.