പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷര്‍റഫ് ആശുപത്രിയില്‍
ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ദുബയ്: പാകിസ്താന്‍ മുന്‍ പ്രസിഡന്റ് റിട്ട. ജനറല്‍ പര്‍വേസ് മുഷര്‍റഫിനെ ദുബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 2016 മുതല്‍ ദുബായില്‍ സ്വയം പ്രവാസത്തില്‍ കഴിയുകയാണ് മുഷര്‍റഫ്. ഇവിടെ ചികില്‍സയിലായിരുന്ന അദ്ദേഹം പിന്നീട് നാട്ടിലേക്ക് മടങ്ങിപ്പോയില്ല.
മുഷറഫിനെതിരേ പാകിസ്താനില്‍ രാജ്യദ്രോഹക്കേസ് നിലവിലുണ്ട്. ഈ കേസില്‍ നവംബര്‍ 28ന് പാക് കോടതി വിധി പ്രഖ്യാപിക്കാനിരിക്കെ ഇസ്ലാമാബാദ് ഹൈക്കോടതി (ഐഎച്ച്‌സി) പ്രത്യേക കോടതിയെ ഈ വിഷയത്തില്‍ വിധി പ്രഖ്യാപിക്കുന്നതില്‍ നിന്ന് താല്‍ക്കാലികമായി വിലക്കിയിരുന്നു.
2007 നവംബര്‍ മൂന്നിന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ടാണ് മുഷര്‍റഫിനെതിരേ രാജ്യദ്രോഹക്കേസ് ചുമത്തിയത്.